ദിലീപും മഞ്ജുവും വേർപിരിഞ്ഞതിന് കാരണം കാവ്യയുമായി നടത്തിയ ചാറ്റിങ്- ടി.ബി മിനി



തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിന് കൃത്യമായി കുറ്റം ചെയ്യാനുള്ള പ്രേരണ ഉണ്ടായിരുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി. എട്ടാം പ്രതിക്ക് മാത്രം പ്രേരണ ഉണ്ടായില്ല എന്നാണ് കോടതി വിധിയിലുള്ളത്. പ്രേരണ തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളെ തങ്ങള്‍ ഹാജരാക്കിയിരുന്നുവെന്നും ടി ബി മിനി പറഞ്ഞു. അതിജീവിതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന ‘അവൾക്കൊപ്പം’ പരിപാടിയിലായിരുന്നു മിനിയുടെ വെളിപ്പെടുത്തല്‍.

മഞ്ജുവാര്യരും ദിലീപും തമ്മില്‍ വേര്‍പിരിയാന്‍ കാരണം, ദിലീപും കാവ്യാ മാധവനും തമ്മില്‍ നടന്ന ചാറ്റിങ്ങ് മഞ്ജുവാര്യര്‍ കണ്ടെത്തിയതാണെന്നും ടി.ബി മിനി പറഞ്ഞു. ഈ ചാറ്റ് ദിലീപ് മഞ്ജുവാര്യര്‍ക്ക് നല്‍കിയ പഴയ മൊബൈലില്‍ നിന്നാണ് മഞ്ജു കണ്ടെത്തിയത്. മഞ്ജുവാര്യര്‍ ഇക്കാര്യം കോടതിയില്‍ പറഞ്ഞു. ഗീതുമോഹന്‍ദാസും അതിജീവിതയുമെല്ലാം ഇക്കാര്യം പറഞ്ഞു.കാവ്യമാധവന്റെ അമ്മയുമായും മഞ്ജുവാര്യര്‍ ഇക്കാര്യം സംസാരിച്ചിരുന്നു.

‘എട്ടാം പ്രതിയുടെ മോട്ടീവ് എന്നത് കാവ്യാമാധവനുമായുള്ള ബന്ധം അതിജീവിത മഞ്ജുവാര്യരുടെ അടുത്ത് പറഞ്ഞു എന്നതാണ്. അതിന് നിരവധി സാക്ഷികളെ ഞങ്ങള്‍ ഹാജരാക്കി. ചില ആളുകള്‍ പറയുകയാണ് 20 സാക്ഷികള്‍ കൂറുമാറിയെന്ന്. 261 സാക്ഷികളില്‍ 20 പേർ കൂറുമാറി. ഈ കൂറുമാറിയവര്‍ ആരാണ്, ആരായിരുന്നു? ദിലീപിന്റെ ഭാര്യ, അനിയന്‍, അളിയന്‍, ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തും നടനുമായ സിദ്ദീഖ്, ദിലീപിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ ഇടവേള ബാബു… അത്തരം ആളുകള്‍ കൂറുമാറും. എങ്കിലും പല കാര്യങ്ങള്‍ കണ്ടെത്താന്‍ പൊലീസ് ചില ആളുകളെ സാക്ഷിയാക്കി ചേര്‍ക്കും. അതാണ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന് പറയുന്നത്. ഇന്‍വെസ്റ്റിഗേഷനും എന്‍ക്വയറിയും തമ്മില്‍ വ്യത്യാസമുണ്ട്. ഈ തെളിവുകള്‍ എല്ലാം കൊടുത്തിട്ട് മേഡം പറയുയാണ് ദേര്‍ ഈസ് നോ മോട്ടീവ്’, ടി.ബി മിനി പറഞ്ഞു.

തങ്ങള്‍ തോറ്റിട്ടില്ലെന്ന് ടി.ബി മിനി വ്യക്തമാക്കി. നമ്മുടെ അതിജീവിത വിജയിച്ചിരിക്കുകയാണ്. ലോകം മുഴുവനുള്ള മലയാളികള്‍ എന്നോട് വിളിച്ച് മാഡം എത്ര പൈസ വേണം, ഞങ്ങളുടെ പ്രാര്‍ത്ഥനകളുണ്ട്, ഞങ്ങളുടെ മക്കളുടെ കണ്ണീരുണ്ട്, ഞങ്ങളുടെ കുടുംബത്തിലെ കണ്ണീരുണ്ട്, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. താന്‍ കോടതി വിധിയെ വിമര്‍ശിക്കുന്നില്ലെന്നും ഫെയര്‍ ക്രിട്ടിസിസമാണ് നടത്തുന്നതെന്നും ടി ബി മിനി പറഞ്ഞു.

കോടതിയിൽ വാദം നടക്കുമ്പോൾ പ്രോസിക്യൂഷനെ പ്രതിഭാഗം അഭിഭാഷകന്റെ ജൂനിയർ കൈയേറ്റം ചെയ്യാൻ മുതിർന്ന സംഭവമുണ്ടായിട്ടും ജഡ്ജി നടപടിയെടുത്തില്ലെന്ന് അവർ പറഞ്ഞു. തനിക്കെതിരെ നിരന്തരം ഭീഷണി ഉയരുന്നുണ്ടെങ്കിലും നീതിക്കായുള്ള പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി.