എറിഞ്ഞത് ഒരൊറ്റ ഓവർ; ആറ് പന്തിൽ അഞ്ച് വിക്കറ്റുമായി ചരിത്രം; ക്രിക്കറ്റിൽ അപൂർവ റെക്കോഡുമായി ഇന്തോനേഷ്യൻ താരം

ബാലി: ഒരു മത്സരത്തിൽ എറിഞ്ഞത് ഒരേയൊരു ഓവർ. ആ ഓവറിലെ ആറ് പന്തിൽ അഞ്ചിലും വിക്കറ്റ് വീഴത്തി ട്വന്റി20യിൽ അപൂർവ റെക്കോഡുമായി ഇന്തോനേഷ്യൻ ക്രിക്കറ്റർ. ചൊവ്വാഴ്ച ബാലിയിൽ നടന്ന ഇന്തോനേഷ്യ -കംബോഡിയ മത്സരത്തിലായിരുന്നു ക്രിക്കറ്റ് റെക്കോഡ് പുസ്തകത്തിലെ അപൂർവ പ്രകടനം പിറന്നത്. ഇന്തോനേഷ്യയുടെ 28കാരനായ ജെയ്ഡ് പ്രിയൻഡൻ എറിഞ്ഞ ഓവറിൽ വിട്ടു നൽകിയത് ഒരു റൺസും, വീഴ്ത്തിയത് അഞ്ചു വിക്കറ്റും. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റിയിലുമായി മറ്റാരും കൈവെക്കാത്ത റെക്കോഡിലാണ് ഇന്തോനേഷ്യൻ ബൗളർ സ്വന്തം പേരെഴുതി ചേർത്തത്.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്തോനേഷ്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എടുത്ത ശേഷമാണ് കംബോഡിയയെ ബാറ്റിങ്ങിന് അയച്ചത്. വിജയം പിന്തുടർന്ന കംബോഡിയ, 15 ഓവർ പിന്നട്ടപ്പോൾ 100 കടന്നിരുന്നു. ഇതിനു പിന്നാലെയായിരുന്നു കളിയുടെ ഗതി മാറ്റികൊണ്ട് പ്രിയൻഡാനെയുടെ വരവ്. 16ാം ഓവറിലെ ആദ്യ പന്തിൽ ഓപണർ ഓപണർ ഷാ അബ്റാൻ ഹുസൈനെ (37) പുറത്താക്കികൊണ്ട് തുടക്കം കുറിച്ചു. ആദ്യ മൂന്ന് പന്തുകളിൽ വിക്കറ്റുകൾ വീഴ്ത്തി ഹാട്രിക്. നിർമൽജിത് സിങ്ങ് (0), ​ചന്ദോൻ റത്നാക് (0), എന്നിവരെ മടക്കി ഹാ​ട്രിക്. നാലാം പന്തിൽ ഒരു റൺസ് വഴങ്ങിയതിനു പിന്നാലെ, അഞ്ചും ആറും പന്തുകളിലും വിക്കറ്റ്. ഇതോടെ വിജയത്തിലേക്ക് പൊരുതിയ കംബോഡിയയിൽ നിന്നും ഒ​രൊറ്റ ഓവറിൽ തന്നെ മത്സരം പിടിച്ചെടുത്ത് പ്രിയൻഡാനെ ചരിത്രം കുറിച്ചു. താരം മത്സരത്തിൽ ആകെ എറിഞ്ഞതും ഈ ഒരു ഓവർ മാത്രമായിരുന്നു. മത്സരത്തിൽ ഇന്തോനേഷ്യ 60 റൺസിന് ജയിച്ചു.

അന്താരാഷ്​ട്ര ക്രിക്കറ്റിൽ ആദ്യമായാണ് ഒരു താരം ഒരോവറിലെ അഞ്ച് പന്തിലും വിക്കറ്റുകൾ വീഴ്ത്തുന്നത്. എന്നാൽ, ഒരോവറിൽ നാല് വിക്കറ്റ് പ്രകടനം പലതവണയും പിറന്നിരുന്നു. 2019ൽ ന്യൂസിലൻഡിനെതിരെ ശ്രീലങ്കയുടെ ലസിത് മലിംഗ നാല് വിക്കറ്റ് പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതുൾപ്പെടെ 14 ബൗളർമാരാണ് സമാന പ്രകടനം നടത്തിയത്.