റോഡരികിൽ നടത്തിയ ശസ്ത്രക്രിയ വിഫലം; ലിനീഷ് മരണത്തിന് കീഴടങ്ങി



കൊച്ചി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന് റോഡരികിൽ നടത്തിയ ശസ്ത്രക്രിയ വിഫലം. പ്രാർഥനകൾക്കും പരിശ്രമങ്ങൾക്കും ഒടുവിൽ ലിനു എന്ന ലിനീഷ് മരണത്തിന് കീഴടങ്ങി. ഞായറാഴ്ച രാത്രി എട്ടരയോടെ എറണാകുളം ഉദയംപേരൂർ വലിയംകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേൽക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ലിനീഷിന് എറണാകുളം ഇന്ദിര ഗാന്ധി ആശുപത്രിയിലെ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവർ ചേർന്ന് റോഡരികിൽ വെച്ച് ശസ്ത്രക്രിയ നടത്തി.

അപകടത്തിൽപ്പെട്ട യുവാവിന്റെ രക്തം കട്ടപിടിച്ച് ശ്വാസനാളം അടഞ്ഞ നിലയിലായിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ സമയം ഇല്ലാത്തതിനാൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് ശ്വാസനാളം തുറക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. ഇവർക്കായി പൊലീസും നാട്ടുകാരും വേണ്ട സഹായങ്ങൾ ഒരുക്കി. തുടർന്ന് ബ്ലേഡും സ്‌ട്രോയും ഉപയോഗിച്ച് ശസ്ത്രക്രിയ ആരംഭിച്ചു. ബ്ലേഡ് കൊണ്ട് കഴുത്തിൽ മുറിവുണ്ടാക്കി സ്ട്രോ കടത്തി ശ്വാസഗതി പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ ഡോക്ടർമാർ ശ്രമിച്ചു.

രാത്രിയായിരുന്നതിനാലും മതിയായ വെളിച്ചത്തിന്റെ അഭാവത്തിലും ചുറ്റും കൂടിയ നാട്ടുകാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും മൊബൈൽ ഫോൺ ഫ്ലാഷ് ഓൺ ചെയ്താണ് ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് ആംബുലൻസിൽ വൈറ്റിലയിലുള്ള വെൽകെയർ ആശുപത്രിയിലേക്ക് മാറ്റി. ലിനീഷിന്റെ കൂടെ ആശുപത്രിയിലേക്ക് ഡോ. മനൂപും പോയിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്‌ധ ചികിത്സ നൽകി. ജീവൻ തിരിച്ച് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാൽ ചികിത്സക്കിടെ ഹൃദയസ്‌തംഭനം ഉണ്ടായതാണ് മരണ കാരണമെന്നാണ് അനൗദ്യോഗിക വിവരം.