എസ്.ഐ.ആർ കരടിൽ പേരില്ലാത്തവർക്ക് ഇപ്പോൾ പേര് ചേർക്കാം; പ്രവാസികൾക്കും പേര് നൽകാം. വിശദമായി അറിയാം…



​തിരുവനന്തപുരം: എസ്.ഐ.ആർ കരട് പട്ടികയിൽ നിന്നും പുറത്തായവർക്കും, നേരത്തെ പേരില്ലാത്തവർക്കും കൂട്ടിചേർക്കാനുള്ള അവസരമാണ് ഇനി. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കരട് പട്ടിക പരിശോധിക്കുന്നതിനൊപ്പം പട്ടികയിൽ പേരില്ലാത്തവർ പേര് ചേർക്കാനുള്ള നടപടികളും ആരംഭിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ​രത്തൻ യു ഖേൽകർ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ (https://voters.eci.gov.in/) നിന്നും വിവിധ ഫോമുകൾ ഡൗൺലോഡ് ചെയ്ത് ​പേര് ചേർക്കാം. അതാത് സ്ഥലങ്ങളിലെ ബി.എൽ.ഒ മാരിൽ നിന്നും ഫോമുകൾ വാങ്ങാവുന്നതാണ്. ഓൺലൈൻ വഴിയും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകളിൽ അതാത് ബൂത്ത് ചുമതലയുള്ള ബി.എൽ.ഒ മാർ വഴിയാകും അംഗീകാരം നൽകുന്നത്.

ഏതെല്ലാം ഫോമുകൾ, എങ്ങനെ നൽകാം

6 ഫോം (ഫോം സിക്സ്): കരട് ​എസ്.ഐ.ആർ പട്ടികയിൽ പേരില്ലാത്തവർക്കും, 2026 ജനുവരി ഒന്നിന് 18 പൂർത്തിയാകുന്ന എല്ലാവർക്കും പുതിയ വോട്ടർമാരായി പേര് ചേർക്കാവുന്നതാണ്. ഫോട്ടോ, ആധാർ വിശദാംശങ്ങൾ, ജനന തീയതി തെളിയിക്കുന്ന​ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതമാണ് ഫോം പൂരിപ്പിച്ച് നൽകേണ്ടത്. കരട് പട്ടികയിൽ ഉള്ള ബന്ധുക്കളുടെയോ, സ്വന്തമോ വിലാസം ​തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും നൽകണം. ഫോമിലെ പ്രസ്താവനയും (ഡിക്ലറേഷൻ) പൂരിപ്പിച്ച് ഒപ്പിട്ട് നൽകണം.

ഫോം 6 A : വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരായ പ്രവാസി വോട്ടർമാർക്ക് പേര് ചേർക്കാനുള്ള ഫോം ആണ് ഇത്. പാസ്​പോർട്ട് നമ്പർ, വിസ വിശദാംശങ്ങൾ എന്നിവ ഈ ഫോമിൽ നൽകണം.

പ്രവാസി വോട്ടറായി പട്ടികയിൽ ഉൾപ്പെടുത്തികഴിഞ്ഞാൽ തെരഞ്ഞെടുപ്പ് വേളയിൽ നാട്ടിലുണ്ടെങ്കിൽ അതാത് ഇടങ്ങളിൽ വോട്ട് ചെയ്യാം.

ഫോം 7: വോട്ടർപട്ടികയിലുള്ള പേര് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയാണ് ഫോം 7. ​മരണം, താമസം മാറൽ, ഇരട്ടിപ്പ് എന്നിവ മൂലം പേര് നീക്കം ചെയ്യാൻ അപേക്ഷിക്കാം. വിശദാംശങ്ങൾ വ്യക്തമാക്കിയിരിക്കണം. ഇതിൽ നടപടി സ്വീകരിക്കും മുമ്പ് അധികൃതർ, വ്യക്തിയുമായി ബന്ധപ്പെട്ട് വെരിഫിക്കേഷൻ പൂർത്തിയാക്കും.

ഫോം 8: വിലാസം മാറ്റാൻ, വീട്ടു നമ്പർ തിരുത്തൽ ഉൾപ്പെടെ ആവശ്യങ്ങൾക്ക് ഫോം എട്ട് പൂരിപ്പിച്ച് നൽകാവുന്നതാണ്.