ഷോൺ ജോർജിനും ബി.ജെ.പിക്കുമെതിരെ കത്തോലിക്ക മുഖപത്രം: ‘ബി.ജെ.പി ഇന്ത്യക്ക് നൽകുന്ന സന്ദേശം വായിക്കാൻ രാജ്യം വൈകിക്കഴിഞ്ഞു’
കോട്ടയം: ക്രൈസ്തവർക്ക് നേരെ ബി.ജെ.പി അടക്കമുള്ള സംഘ്പരിവാർ സംഘടനകൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ രൂക്ഷഭാഷയിൽ വിമർശിച്ച് കത്തോലിക്ക സഭ മുഖപത്രമായ ദീപിക. ‘വിദ്വേഷസംഘങ്ങൾക്കും വെളിച്ചമാകട്ടെ ക്രിസ്മസ്’ എന്ന തലക്കെട്ടിൽ ഇന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ബി.ജെ.പിയെ വിമർശിക്കുന്നത്. പാലക്കാട് കരോൾ സംഘത്തിലെ കുട്ടികളെ ആക്രമിച്ച ബി.ജെ.പിക്കാരെ ന്യായീകരിച്ചും കുട്ടികളെ അധിക്ഷേപിച്ചും രംഗത്തുവന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് അടക്കമുള്ള നേതാക്കളെ പരോക്ഷമായും വിമർശിക്കുന്നുണ്ട്.
ക്രിസ്മസിന് അവധികൾ നിരോധിച്ച്, കുട്ടികളെപ്പോലും വെറുപ്പിന്റെ ഇരകളാക്കുന്ന ബി.ജെ.പി നേതാക്കൾ മതേതര ഇന്ത്യക്കു നൽകുന്ന സന്ദേശം വായിക്കാൻ രാജ്യം വൈകിയെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. പ്രാർഥനാമുറികളിലെത്തി സ്ത്രീകളെയും കുട്ടികളെയും അന്ധരെപ്പോലും ആക്രമിക്കുന്നവരുടെ ഹിംസാത്മകതയ്ക്കുമുന്നിൽ സർക്കാരുകൾ ഓച്ഛാനിച്ചുനിൽക്കുകയാണ്. ഭരണകൂടങ്ങൾ ഭരണഘടനയെ നിർവീര്യമാക്കുമ്പോൾ നിയമവും നീതിപീഠങ്ങളും സഹായിക്കാനെത്തുന്നില്ല. സമാധാനസന്ദേശം വിളിച്ചോതുന്ന കരോൾഗാനംപോലും സഹിക്കാൻ അവർക്കാകുന്നില്ല. സ്നേഹസമ്മാനങ്ങളുടെയും മധുരത്തിന്റെയും പങ്കുവയ്ക്കൽ അവർക്കു കയ്പാണ് -മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
കേരളത്തിൽ കരോൾഗാനം പാടുന്നവരെ ആക്രമിക്കുന്ന മതഭ്രാന്തരെ ന്യായീകരിക്കാൻ അകത്തും പുറത്തും ആളുണ്ടെന്ന് ഷോൺ ജോർജിന്റെ ഇടപെടലിനെ പരോക്ഷമായി ചൂണ്ടിക്കാട്ടി. ഇതിനെയൊക്കെ ന്യായീകരിക്കുന്ന രാഷ്ട്രീയ വിധേയർ ക്രൈസ്തവരിലുമുണ്ടെന്നതിൽ അതിശയോക്തിയില്ലെന്നും രണ്ടായിരം വർഷങ്ങൾക്കുമുമ്പും മത-രാഷ്ട്രീയ ഗൂഢാലോചനക്കാർ കാര്യസാധ്യത്തിന് ആളെ തെരഞ്ഞത് ക്രിസ്തുവിന്റെ ശിഷ്യരിലായിരുന്നുവെന്നും ‘ദീപിക’ പറയുന്നു.
പാലക്കാട് പുതുശ്ശേരിയിൽ കുട്ടികളുടെ കരോൾ സംഘത്തെ ബി.ജെ.പിക്കാർ ആക്രമിച്ചതിനെ ന്യായീകരിച്ച് ഷോണ്‍ ജോര്‍ജ് രംഗത്തെത്തിയിരുന്നു. ‘താൻ അറിഞ്ഞിടത്തോളം അത് ഒരു മാന്യമായ കരോൾ ആയിരുന്നില്ല. മാന്യമായ കരോൾ ആണെങ്കിൽ പള്ളി അറിയണ്ടേ? രൂപത അറിയണ്ടേ? നടത്തുന്ന കരോൾ മാന്യമായിരിക്കണം. അല്ലാതെ നാട്ടുകാർക്ക് പ്രശ്നം ഉണ്ടാക്കുന്ന രീതിയിൽ, നാട്ടുകാരെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ഒരു കരോളാണ് അവിടെ നടന്നതെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. അവിടെ മദ്യപിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നു. അറിഞ്ഞിടത്തോളം അത് ഒരു മാന്യമായ കരോൾ ആയിരുന്നില്ല. അതാണ് അവിടെ പ്രശ്നമുണ്ടായത്’ -എന്നാണ് ഷോൺ പറഞ്ഞത്. 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കരോൾ സംഘത്തെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചതിനെയാണ് വിചിത്രമായ വാദങ്ങളിലൂടെ അദ്ദേഹം ന്യായീകരിച്ചത്.
‘ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസിന് ഈ ക്രൈസ്തവ സ്നേഹം. കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവും വിവിധ സഭാനേതൃത്വങ്ങളുമായി നല്ലനിലയില്‍ പോകുന്നത് കോണ്‍ഗ്രസിന് സഹിക്കുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വടക്കുനോക്കി യന്ത്രങ്ങളാകുകയാണ്. കേരളത്തില്‍ ക്രൈസ്തവ സമൂഹത്തിന് നേരെ അക്രമങ്ങളുണ്ടായപ്പോള്‍ നിശബ്ദത പാലിച്ചവരാണ് ഇവര്‍’ ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകരുടെ ആക്രമണത്തിനിരയായ കരോൾ സംഘത്തിലെ കുട്ടികളെ അധിക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറും രംഗത്തെത്തിയിരുന്നു. മദ്യപിച്ച് സി.പി.എമ്മിന്റെ ബാൻഡ് സെറ്റുമായി പോകുന്നവരെ കരോൾ സംഘമെന്നാണോ പറയേണ്ടതെന്ന് എന്നായിരുന്നു വാർത്ത സമ്മേളനത്തിൽ സി. കൃഷ്ണകുമാർ ചോദിച്ചത്.
ദീപിക എഡിറ്റോറിയലിൽനിന്ന്:
അധികാരത്തിന്റെ പിൻബലത്തിൽ വെറുപ്പും വിദ്വേഷവും വ്യാപിപ്പിച്ച് ക്രൈസ്തവർക്കെതിരേ തിരിയുന്നത് ആഗോളതലത്തിൽ ഇസ്ലാമിക തീവ്രവാദികളാണെങ്കിൽ ഇന്ത്യയിൽ ഹിന്ദുത്വ വർഗീയവാദികളാണ്. സമാധാനസന്ദേശം വിളിച്ചോതുന്ന ഒരു കരോൾഗാനംപോലും സഹിക്കാൻ അവർക്കാകുന്നില്ല. സ്നേഹസമ്മാനങ്ങളുടെയും മധുരത്തിന്റെയും പങ്കുവയ്ക്കൽ അവർക്കു കയ്പാണ്.
ക്രിസ്മസിന് അവധികൾ നിരോധിച്ച്, കുട്ടികളെപ്പോലും വെറുപ്പിന്റെ ഇരകളാക്കുന്ന ബിജെപി നേതാക്കൾ മതേതര ഇന്ത്യക്കു നൽകുന്ന സന്ദേശം വായിക്കാൻ രാജ്യം വൈകിക്കഴിഞ്ഞു. പ്രാർഥനാമുറികളിലെത്തി സ്ത്രീകളെയും കുട്ടികളെയും അന്ധരെപ്പോലും ആക്രമിക്കുന്നവരുടെ ഹിംസാത്മകതയ്ക്കുമുന്നിൽ സർക്കാരുകൾ ഓച്ഛാനിച്ചുനിൽക്കുകയാണ്. ഭരണകൂടങ്ങൾ ഭരണഘടനയെ നിർവീര്യമാക്കുന്പോൾ നിയമവും നീതിപീഠങ്ങളും സഹായിക്കാനെത്തുന്നില്ല.
തങ്ങൾ പണ്ടേ ഇവിടെയുണ്ടായിരുന്നെന്നും മറ്റുള്ളവർ അങ്ങനെയല്ലെന്നുമുള്ള വ്യാജചരിത്രം പടയ്ക്കുന്നവർ രാജ്യത്തെ വീണ്ടും വിഭജിക്കുകയാണ്. അവർ കേരളത്തിലുമെത്തി. കരോൾഗാനം പാടുന്നവരെ ആക്രമിക്കുന്ന മതഭ്രാന്തരെ ന്യായീകരിക്കാനും ആളുണ്ട്; അകത്തും പുറത്തും. ക്രിസ്തുവും ക്രിസ്മസും ക്രിസ്ത്യാനികളുടേതു മാത്രമല്ലെന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനെയൊക്കെ ന്യായീകരിക്കുന്ന രാഷ്ട്രീയ വിധേയർ ക്രൈസ്തവരിലുമുണ്ടെന്നതിൽ അതിശയോക്തിയില്ല. രണ്ടായിരം വർഷങ്ങൾക്കുമുന്പും മത-രാഷ്ട്രീയ ഗൂഢാലോചനക്കാർ കാര്യസാധ്യത്തിന് ആളെ തെരഞ്ഞത് ക്രിസ്തുവിന്റെ ശിഷ്യരിലായിരുന്നു. ചരിത്രം ആവർത്തിക്കുന്പോഴും നക്ഷത്രവഴിയേ സഞ്ചരിക്കുക. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷം അറിയിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കുക.
“ഭയപ്പെടേണ്ട, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സദ്വാർത്ത. നിങ്ങൾക്കായി ഒരു രക്ഷകൻ, ക്രിസ്തു പിറന്നിരിക്കുന്നു.” ഇന്നു ക്രിസ്മസാണ്; സഹസ്രാബ്ദങ്ങൾക്കുശേഷവും രാഷ്ട്രീയ-മത വേഷം കെട്ടിയ തമോഗർത്തങ്ങൾക്കു വിഴുങ്ങാനാകാത്ത ലോകത്തിന്റെ പ്രകാശത്തിലേക്കു നടക്കാം. ഭരണകേന്ദ്രങ്ങളുടെയും ന്യായാസനങ്ങളുടെയും കൊട്ടാരങ്ങളുടെയും പുറത്ത്, രണ്ടാംതരം പൗരത്വത്തിന്റെ കാലിത്തൊഴുത്തിൽ പിറന്നവനെ സകല ജാതിയിലും മതത്തിലുമുള്ള കോടാനുകോടി മനുഷ്യർക്കും ജീവജാലങ്ങൾക്കുമൊപ്പം കുന്പിടാം. വിദ്വേഷസംഘങ്ങളിലേക്കും വെളിച്ചമെത്തട്ടെ.
