പാലാ നഗരസഭ ഭരിക്കാൻ 21കാരി ദിയാ ബിനു; പുളിക്കക്കണ്ടം കുടുംബം യു.ഡി.എഫിനൊപ്പം; ആദ്യമായി കേരള കോൺഗ്രസ് എം പ്രതിപക്ഷത്ത്
കോട്ടയം: പാലാ നഗരസഭാ ഭരണം ഉറപ്പിച്ച് യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥികളായി ജയിച്ച ബിനു പുളിക്കക്കണ്ടവും മകൾ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടവും പിന്തുണാക്കമെന്ന് അറിയിച്ചതോടെയാണ് ഭരണം യു.ഡി.എഫ് ഉറപ്പിച്ചത്.
ആദ്യ ടേമിൽ ദിയക്ക് നഗരസഭയുടെ ചെയർപേഴ്‌സൺ സ്ഥാനം നൽകും. ഇതോടെ ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായി മാറും. വെള്ളിയാഴ്ചയാണ് മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്. കോൺഗ്രസ് വിമതയായി മത്സരിച്ച മായാ രാഹുലിനെ വൈസ് ചെയർപേഴ്സണുമാക്കും. ഇതോടെ കേരള കോൺഗ്രസ് എം പ്രതിപക്ഷത്തിരിക്കും. 1985ന് ശേഷം ഇതാദ്യമായാണ് പാലാ നഗരസഭയുടെ ഭരണത്തിൽനിന്ന് കേരളാ കോൺഗ്രസ് എം പുറത്താകുന്നത്.
നഗരസഭയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് പുളിക്കക്കണ്ടം കുടുംബത്തിന്‍റെ പിന്തുണ നിർണായകമായത്. കോൺഗ്രസ് വിമതയായി മത്സരിച്ചാണ് മായാ രാഹുൽ ജയിച്ചത്. ദിയ ബിനുവിനെ നഗരസഭ അധ്യക്ഷയാക്കാമെന്ന ഉറപ്പിലാണ് പുളിക്കക്കണ്ടം കുടുംബം യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്. കന്നി മത്സരത്തിനിറങ്ങിയ 21കാരി ദിയ, മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ബി.എ കഴിഞ്ഞ് എം.ബി.എക്കുള്ള ഒരുക്കത്തിലാണ്. കേരള കോൺഗ്രസ് എമ്മിലൂടെ സ്വന്തമാക്കാമെന്ന് എൽ.ഡി.എഫ് ഉറപ്പിച്ച പാലാ നഗരസഭയാണ് കൈവിട്ടത്.
ആകെയുള്ള 26 സീറ്റിൽ എൽ.ഡി.എഫ് 11, യു.ഡി.എഫ് 10, സ്വതന്ത്രർ 5 എന്നിങ്ങനെയാണ് കക്ഷിനില. 13, 14 15 വാർഡുകളിൽ നിന്നാണ് പുളിക്കക്കണ്ടം കുടുംബാംഗങ്ങൾ ജയിച്ചത്. 20 വർഷമായി കൗൺസിലറായ ബിനു, ഒരു തവണ ബി.ജെ.പി സ്ഥാനാർഥിയായും ഒരു തവണ സി.പി.എം സ്ഥാനാർഥിയായും രണ്ടു തവണ സ്വതന്ത്രനായുമാണ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു.
എന്നാൽ, മുൻധാരണപ്രകാരം അധ്യക്ഷ സ്ഥാനം സി.പി.എം നൽകാത്തതിനെ തുടർന്ന് അദ്ദേഹം പാർട്ടിയുമായി ഇടഞ്ഞിരുന്നു. കേരള കോൺഗ്രസ് എം നേതൃത്വവുമായി ബിനു കടുത്ത തർക്കത്തിലുമായി. ഇതിനൊടുവിലാണ് ബിനുവിനെ സി.പി.എം പുറത്താക്കിയത്.
40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി. സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.
