ഇന്ത്യൻ കോഫി ബോർഡ് വർക്കേ‍ഴ്സ് സഹകരണ സംഘം സ്ഥാപകാംഗം കെ.എൻ. ലളിത അന്തരിച്ചു



തൃശൂർ: ഇന്ത്യൻ കോഫി ബോർഡ് വർക്കേ‍ഴ്സ് സഹകരണ സംഘം സ്ഥാപക അംഗം കെ.എൻ. ലളിത (88) അന്തരിച്ചു. വ്യാഴാഴ്ച രാത്രി എട്ടോടെ തൃശൂരിൽ വെച്ചായിരുന്നു അന്ത്യം.

1957ൽ എ.കെ.ജിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ഇന്ത്യൻ കോഫി ഹൗസ് സംഘത്തിന്‍റെ സ്ഥാപക സെക്രട്ടറി പരേതനായ തൃശൂർ സ്വദേശി എൻ.എസ്. പരമേശ്വരൻ പിള്ളയുടെ ഭാര്യയാണ്. കൈരളി ന്യൂസ് കൺസൽറ്റന്‍റ് എൻ.പി. ചന്ദ്രശേഖരൻ മകനാണ്.

ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് തൃശൂർ സ്വരാജ് റൗണ്ടിൽ തുറക്കാൻ തൊഴിലാളികൾക്ക് പണമില്ലാതെ വന്നപ്പോൾ താലിമാല അടക്കമുള്ള ആഭരണങ്ങൾ ലളിത ഊരിക്കൊടുത്തിരുന്നു. വിവാഹിതയായി ഒരു വർഷം തികയും മുമ്പായിരുന്നു ഇത്. എൻ.എസ്. പരമേശ്വരൻ പിള്ള എഴുതിയ ‘കോഫി ഹൗസിന്‍റെ കഥ’ എന്ന പുസ്‌തകത്തിൽ ഇക്കാര്യം വിവരിക്കുന്നുണ്ട്.