കാര്യവട്ടത്ത് ഷെഫാലി ഷോ; ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം

തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിൽ ലോകചാമ്പ്യന്മാരായ ഇന്ത്യൻ പെൺപടയുടെ മിന്നും പ്രകടനം. ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റ് ജയവുമായി ഇന്ത്യക്ക് പരമ്പര നേട്ടം.
ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കൻ വനിതകൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 112 റൺസിൽ അവസാനിച്ചപ്പോൾ, മറുപടി ബാറ്റിങ്ങിൽ ഇന്ത്യവെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ 13.2ഓവറിൽ വിജയം കുറിച്ചു. ഓപണർ ഷെഫാലി വർമ 42 പന്തിൽ 79 റൺസുമായി നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങ് മികവിൽ ആധികാരികമായിരുന്നു ഇന്ത്യൻ പെൺപടയുടെ വിജയം. സ്മൃതി മന്ദാനയുടെയും (1), ജെമീമ റോഡ്രിഗസിന്റെയും (9) വിക്കറ്റുകൾ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ലോകകപ്പിലെ ഹീറോകളായ സ്മൃതിയും ജെമീമയും ഒറ്റയക്കത്തിൽ പുറത്തായെങ്കിലും ഷെഫാലിയുടെ ഓപണിങ് വെടിക്കെട്ട് ടീമിന് വിജയം സമ്മാനിക്കുന്നത് വരെ തുടർന്നു. 11 ബൗണ്ടറികളും മൂന്ന് സിക്സറുമാണ് ഇവരുടെ ബാറ്റിൽ നിന്നും കാര്യവട്ടം സ്റ്റേഡിയത്തിന്റെ നാനാദിക്കിലേക്കുമായി പറന്നത്.
ഷെഫാലി വർമയുടെ ബാറ്റിങ്
ശ്രീലങ്കൻ ബാറ്റിങ്ങ് നിരയിൽ ഹസിനി പെരേരയും (25), ഇമേഷ് ദുലാനിയും (27), കവിഷ ദിൽഹാരിയും (20), കൗശിനി നുത്യൻഗനയും (19) മാത്രമേ രണ്ടക്കം കടന്നുള്ളൂ. ഇന്ത്യയുടെ രേണുക സിങ് നാലും, ദീപ്തി ശർമ മൂന്നും വിക്കറ്റും നേടി.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മൂന്നും ജയിച്ച ഇന്ത്യ ഇതോടെ പരമ്പര സ്വന്തമാക്കി. വിശാഖപട്ടണത്ത് നടന്ന ആദ്യ രണ്ടു മത്സരത്തിനു ശേഷമാണ് ഇന്ത്യ തിരുവനന്തപുരത്ത് കളിക്കാനെത്തിയത്. അടുത്ത മത്സരങ്ങൾ ഡിസംബർ 28നും, 30നുമായി കാര്യവട്ടത്ത് നടക്കും.
ലോകചാമ്പ്യന്മാരായ ഇന്ത്യൻ വനിതകളുടെ പ്രകടനത്തിന് സാക്ഷ്യം വഹിക്കാൻ കാര്യവട്ടം സ്റ്റേഡിയത്തിൽ പതിനായിരങ്ങളെത്തി.
