കരോൾ ഗീതങ്ങളടെ ഈണം നിറഞ്ഞ ഹൃദയങ്ങളിലേക്ക് മഞ്ഞിൻ കുളിരോടെ പെയ്തിറങ്ങി 'ഹാർമോണിയസ്​ കേരള'



ദമ്മാം: ഡിസംബറിന്റെ മഞ്ഞുകണങ്ങൾക്കൊപ്പം രാവിലലിയാൻ വെമ്പി നിന്ന സന്ധ്യയുടെ ഹൃദയ താളം പോലെ ‘ഹാർമോണിയസ് കേരള’യുടെ ശ്രുതിയുണർന്നു. വിശുദ്ധ സ്നേഹത്തിന്റെ കരോൾ ഗീതങ്ങളുടെ ഈണം മറഞ്ഞുപോകാത്ത ഹൃദയങ്ങളിലേക്ക് അത് പതിയെ അലിഞ്ഞൊഴുകി. ചുറ്റും മഞ്ഞുപുതച്ചുറങ്ങുമ്പോഴും റാക്ക സ്പോർട്സ് സിറ്റിയിലെ ഗ്രീൻ ഹാളിൽ നിറഞ്ഞുകവിഞ്ഞ ജനസഹസ്രങ്ങളുടെ മാനസങ്ങൾ മാനവ സൗഹൃദത്തിന്റെ പുതിയ ശ്രുതിയിലുണർന്ന് പരസ്പരം അലിഞ്ഞു ചേരുകയായിരുന്നു.

‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ഹാർമോണിയസ് കേരളയുടെ രണ്ടാം പതിപ്പാണ് ഇന്നലെ അരങ്ങേറിയത്. കടലകലെ കാത്തുവെച്ച മലയാളപ്പെരുമയുടെ ഒരുമയും നന്മയും കിഴക്കൻ സൗദിയുടെ മണലോരത്ത് പ്രവാസ മലയാളികൾ പുനരവതരിപ്പിക്കുകയായിരുന്നു. വെറുപ്പിന്റെ തമസ്സകറ്റി വിഭാഗീയതയുടെ അതിർ പൊളിച്ച് ഞങ്ങളൊന്നെന്ന് അവരുടെ ഹൃദയം മന്ത്രിച്ചു.

വൈകിട്ട് കൃത്യം 6.55ന് ഹാർമോണിയസ് കേരളയുടെ വേദിയിൽ കൗണ്ട് ഡൗൺ നമ്പർ തെളിഞ്ഞു. ‘ഗൾഫ് മാധ്യമം’ എപ്പോഴും സൂക്ഷികുന്ന സമയ കൃത്യത പാലിച്ചു കൊണ്ട് കൃത്യം ഏഴ് മണിക്ക് അവതാരകൻ മിഥുൻ രമേശ് വേദിയിൽ പ്രത്യക്ഷപ്പെട്ടു. പ്രവാസി മലയാളികളുടെ ഹൃദയ താളമാറിയ ഗൾഫ് മാധ്യമത്തിന്റേയും സൗഹൃദ കേരള പുനസൃഷ്ടിയുടെ അതിരടയാളമായി മാറിയ ഹാർമോണിയസ് കേരളയുടേയും ഹൃദയ സുന്ദരമായ വീഡിയോ പ്രദർശനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഗോകുൽ ഗോപകുമാർ, ലിബിൻ സക്കറിയ, ശിഖ പ്രഭാകർ, നിത്യ മാമ്മൻ എന്നിവർ ജനപ്രിയ പാട്ടുകളുമായെത്തിയതോടെ തണുപ്പ്​ മാറി സദസ്സ്​ കരഘോഷങ്ങളിലലിഞ്ഞു.

അഭിനയത്തികവിനപ്പുറം നിലപാടുകൾ ഉറക്കെ പറഞ്ഞ് പ്രബുദ്ധ കേരളത്തിന്റെ ഹൃദയം കവർന്ന അഭിനേത്രി പാർവ്വതി തിരുവോത്തും സ്വാഭാവിക അഭിനയ ഭാവത്താൽ യുവതയുടെ പ്രിയം നേടിയ അർജ്ജുൻ അശോകനും വേദിയിലെത്തിയതോടെ കാണികൾ ആവേശത്തേരിലറി. ഗായകരേടൊപ്പം അർജ്ജുൻ അശോകനും കൂടി പാടിതോടെ ആരാധകർ ആവേശക്കൊടുമുടിയിൽ കൂടെപ്പാടി.

മലയാളത്തിന് ചിരിയും ചിന്തയും സമ്മാനിച്ച്​ ഒരു പൊട്ടിച്ചിരി പോലെ മറഞ്ഞുപോയ തിരക്കഥകൃത്തും സംവിധായകനും അഭിനേതാവുമായ ശ്രീനിവാസന് ആദരാഞജലികൾ അർപ്പിച്ചുകൊണ്ട്​ അദ്ദേഹത്തിന്റെ സിനിമ യാത്രകളടെ കാഴ്​ചകൾ മിന്നിമറഞ്ഞപ്പോൾ കാണികൾ ആ ഓർമ്മകളിൽ സജ്ജലമായി.

തുടർന്ന് പി.എം സാലിഹ് (സി.ഇ.ഒ ഗൾഫ് മാധ്യമം), സലീം അമ്പലൻ (മി‌ഡിലീസ്റ്റ് ഡയറക്ടർ, ഗൾഫ് മാധ്യമം), നജല അൽ സായിൽ (പ്രോജക്ട് മാനേജർ, റാക്കോ), മുഹമ്മദ് ഇസ്സത്ത് ബെക് (സി.ഇ.ഒ, റെദ ഹസാർഡ് കൺട്രോൾ), വിജയ് വർഗ്ഗീസ് മൂലൻ (സി.ഇ.ഒ, വിജയ് മസാല ആൻഡ് ഫുഡ്‌), ശ്രീജിത് ശ്രീധർ (കൺട്രി ഹെഡ്, സോന ഗോൾഡ് ആൻഡ് ഡയമണ്ട്), എൽ. ബാഗർ ഖലീനി (ഫ്രണ്ടി സെഗ്മെന്റ് മാനേജർ), സുധീർ (ഓപറേഷൻ മനേജർ ദാറസ്സിഹ), നിബിൻ ലാൽ (സീനിയർ മാർക്കറ്റിംഗ് മാനേജർ, സിറ്റി ഫ്ലവർ), കെ.എം. ബഷീർ (ചെയർമാൻ, ഗൾഫ് മാധ്യമം-മീഡിയാവൺ എക്സിക്യൂട്ടീവ് കമ്മറ്റി), സിനാൻ (ഗൾഫ് മാധ്യമം കിഴക്കൻ പ്രവിശ്യ രക്ഷാധികാരി), അൻവർ ഷാഫി (എക്സിക്യുട്ടീവ് കമ്മറ്റി മെമ്പർ), ഐമൻ സെയ്ദ് (ഹാർമോണിയസ് കേരള പ്രോഗ്രാം കൺവീനർ), സാജിദ് ആറാട്ടുപുഴ (ഗൾഫ് മാധ്യമം ദമ്മാം ബ്യൂറോ ഇൻ ചാർജ്) എന്നിവർ വേദിയിലെത്തി.

തുടർന്ന് സൗദി, ഇന്ത്യ ദേശീയ ഗാനങ്ങൾ അവതരിപ്പിച്ചു. ഉപജീവനം തേടി നാടുവിട്ടുചെന്നവ​ൻറ ജാതിയോ മതമോ തിരയാതെ വദേശ രാജ്യങ്ങൾ നമ്മളെ ചേർത്തു പിടിച്ചുവെന്നും പ്രവാസികളയക്കുന്ന നാണ്യം രാജ്യ സമ്പത്തിന്റെ ന​ട്ടെല്ലായെന്നും ഉദ്​ഘാടന പ്രസംഗം നടത്തിയ മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്​ പറഞ്ഞു. ഇതേ പാതയിലാണ്​ മറ്റ്​ സംസ്​ഥാനങ്ങളിൽ നിന്നും തൊഴിലാളികൾ കേരളത്തിലെത്തിയത്​. നമ്മൾ മലയാള സംസ്​കാരത്തി​ൻറ ഭാഗമായി അവരെ ചേർത്തുപിടിച്ചു. എന്നാൽ വർത്തമാനകാത്തെ ചുറ്റുപാടുകൾ അവരടെ ദേശവും, മതവും തിരയുന്നതലേക്ക്​ മാറിയിരിക്കുന്നു. ഇത്​ മലയാളത്തി​ന്‍റെ സംസ്​കാരമല്ല. വെറുപ്പും, വിദ്വേഷവുമല്ല എല്ലാഭേദങ്ങൾക്കുമപ്പുറത്ത്​ മനുഷ്യരെ ചേർത്തുപിടിക്കുന്ന പരിപാവന സംസ്​കാരമാണ്​ നമ്മളുടേത്​. ഇത്​ മായിക്കാൻ ശ്രമിക്കുന്നവർക്കിടയലേക്ക്​ ഹൃദയ രഗമായാണ്​ ഗൾഫ്​ മാധ്യമത്തി​ൻറ ഹാർമോണിയസ്​ കേരള അവതരിപ്പിക്കപ്പെട്ടത്​. നന്മ മാത്രം കൊതിക്കുന്ന മയാളികൾ നാട്ടിലും മറുനാട്ടിലും ഹാർമോണിയസ്​ കേരളയെ നെഞ്ചേറ്റുകയായിരുന്നുവെന്നും ​പി.എം. സാലിഹ്​ കൂട്ടിച്ചേർത്തു. തുടർന്ന് റെദ ഹസാർഡ് കൺട്രോൾ സി.ഇ.ഒ മുഹമ്മദ് ഇസ്സത്ത് ബെക് ആശംസകൾ നേർന്നു.