വിജയങ്ങളിൽ അമരക്കാരിയായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ

തിരുവനന്തപുരത്ത് ശനിയാഴ്ച ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20യിലെ വിജയത്തോടെ ആസ്ത്രേലിയൻ ക്യാപ്റ്റനായിരുന്ന മെഗ് ലാനിങ്ങിന്റെ റെക്കോഡ് ഹർമൻപ്രീത് മറികടക്കുകയായിരുന്നു. ഇന്ത്യ എട്ട് വിക്കറ്റ് വിജയം നേടി അഞ്ച് മത്സര പരമ്പര 3-0 ന് സ്വന്തമാക്കി.
ഈ ജയത്തോടെ, ക്യാപ്റ്റൻ എന്ന നിലയിൽ ഹർമൻപ്രീത് 130 ടി20 മത്സരങ്ങളിൽനിന്ന് 77 വിജയങ്ങൾ നേടി. ഇതിൽ 48 തോൽവികളും അഞ്ച് റിസൽറ്റില്ലാത്ത മൽസരങ്ങളും ഉൾപ്പെടുന്നു. വിജയ ശതമാനം 58.46 ആണ്. ആസ്ത്രേലിയയുടെ ക്യാപ്റ്റനായിരുന്ന മെഗ് ലാനിങ്ങാവട്ടെ 100 മത്സരങ്ങളിൽ നിന്ന് 76 വിജയങ്ങൾ നേടിയിട്ടുണ്ട്. 18 എണ്ണത്തിൽ തോൽവി ഒരു മൽസരം സമനിലയും അഞ്ചെണ്ണം റിസൽറ്റില്ലാ മൽസരവും. വിജയ ശതമാനം 76 ആണ്, കൂടാതെ ഒരു ക്യാപ്റ്റനെന്ന നിലയിൽ നാല് ടി20 ലോകകപ്പ് കിരീടങ്ങളും ലാനിങ്ങിന്റെ പേരിലുണ്ട്, ഈ നാഴികകല്ലുകൾ പുരുഷ, വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോർമാറ്റിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റൻമാരിലൊരാളായി അവരെ മാറ്റി.
ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു. ഇമേഷ ദുലാനി (32 പന്തിൽ നാല് ബൗണ്ടറികളോടെ 27), ഹാസിനി പെരേര (18 പന്തിൽ അഞ്ച് ബൗണ്ടറികളോടെ 25), കവിഷ ദിൽഹാരി (13 പന്തിൽ രണ്ട് ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 20) എന്നിവരുടെ മികച്ച പ്രകടനത്തിലൂടെയാണ് ശ്രീലങ്ക 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് നേടിയത്.
പുരുഷ, വനിത ക്രിക്കറ്റിൽ 150 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി സ്പിൻ ഓൾറൗണ്ടർ ദീപ്തി ശർമ (3/18) മാറി, കൂടാതെ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായും മാറി. ഇന്ത്യക്കായി പേസർ രേണുക സിങ് (4/21) ബൗളർമാരിൽ ഒന്നാമതെത്തി.
112 റൺസ് പിന്തുടർന്ന ഇന്ത്യക്കുവേണ്ടി ഷഫാലി വർമ 11 ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെടെ 42 പന്തിൽ 79 റൺസ് നേടി നോട്ടൗട്ടാവുകയായിരുന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് രണ്ട് ഫോറുകൾ ഉൾപ്പെടെ18 പന്തിൽ 21റൺസ് നേടി വിജയത്തിലെത്തിക്കുകയായിരുന്നു. 13.2 ഓവറിൽ ഇന്ത്യ വിജയം കണ്ടു. ഷഫാലി തന്റെ തുടർച്ചയായ രണ്ടാമത്തെ അർധശതകം നേടി, ഈ വർഷത്തെ എട്ട് ടി20 മത്സരങ്ങളിൽ നിന്ന്, എട്ട് മത്സരങ്ങളിലും ഇന്നിംഗ്സുകളിലുമായി 55.50 ശരാശരിയിൽ 333 റൺസ് അവർ നേടി. 173-ൽ കൂടുതൽ സ്ട്രൈക്ക് റേറ്റും മൂന്ന് അർധസെഞ്ച്വറികളും 79* എന്ന മികച്ച സ്കോറും ഷഫാലി നേടി.
ഐ.സി.സി വനിത ലോകകപ്പിൽ ആദ്യമായി കിരീടം നേടിയ ഹർമൻപ്രീതിന്, വനിത ക്രിക്കറ്റിൽ ഇന്ത്യയെ അവരുടെ ആദ്യ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാനുള്ള അവസരവുമുണ്ട്, അടുത്ത വർഷം ജൂൺ-ജൂലൈ മാസങ്ങളിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്താൻ എന്നിവരോടൊപ്പം ഇന്ത്യ ശക്തമായ ഗ്രൂപ് എയിലാണ്.
