എം.എൽ.എക്ക് മണ്ഡലത്തിൽ എവിടെ വേണമെങ്കിലും കെട്ടിടം കിട്ടുമല്ലോ? ഓഫിസിലെത്തി പ്രശാന്തിനെ കണ്ട് ആർ. ശ്രീലേഖ
തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എം.എൽ.എ ഓഫിസ് ഒഴിയണമെന്ന് വി.കെ. പ്രശാന്തിനോട് ഫോണിൽ ആവശ്യപ്പെട്ടത് വിവാദമായതിനു പിന്നാലെ പ്രതികരണവുമായി ആർ. ശ്രീലേഖ.
പ്രശാന്ത് സഹോദര തുല്യനാണെന്നും സൗഹൃദ രൂപത്തിലാണ് എം.എൽ.എയോട് സംസാരിച്ചതെന്നും ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥല പരിമിതി ചൂണ്ടിക്കാട്ടിയാണ് എം.എൽ.എയോട് സംസാരിച്ചത്. ഓഫിസ് ഒഴിയാൻ അഭ്യർഥിക്കുകയാണ് ചെയ്തത്. എം.എൽ.എക്ക് മണ്ഡലത്തിൽ എവിടെ വേണമെങ്കിലും കെട്ടിടം കിട്ടുമല്ലോ? മേയറുമായി സംസാരിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
‘വി.കെ. പ്രശാന്ത് എന്റെ അടുത്ത സുഹൃത്താണ്. സഹോദരതുല്യനായ ആളാണ്. ഇന്നലെ മുൻ കൗൺസിലർക്കൊപ്പം ഇരുന്നപ്പോഴാണ് നമുക്ക് ഇരിക്കാനൊരു സ്ഥലം വേണ്ടെ എന്ന് അദ്ദേഹം ചോദിച്ചത്. അപ്പോൾ ശാസ്തമംഗലത്ത് കെട്ടിടമുണ്ടല്ലോ എന്നാണ് ഞാൻ പറഞ്ഞത്. പിന്നാലെയാണ് പ്രശാന്തിനെ ഫോൺ വിളിച്ചത്. ആദ്യം പ്രശാന്ത് ഫോൺ എടുത്തില്ല. പിന്നാലെ എന്നെ തിരിച്ച് വിളിക്കുകയായിരുന്നു. എല്ലാവിധ സഹായങ്ങളും ഉണ്ടാകണം എന്നാണ് ആദ്യം പറഞ്ഞത്. പിന്നാലെയാണ് എനിക്കൊരു അപേക്ഷയുണ്ട് എന്ന് പറഞ്ഞ് കെട്ടിടത്തിന്റെ കാര്യം പറഞ്ഞത്. അത് ഇപ്രാവശ്യം ബുദ്ധിമുട്ടായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിയും വരെ കെട്ടിടം വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് അഞ്ച് വർഷത്തേക്ക് ജോലി ചെയ്യേണ്ടതല്ലേ, ആ കെട്ടിടം കിട്ടിയാൽ നന്നായിരുന്നു എന്ന് പറഞ്ഞു. അതൊന്ന് പരിഗണിക്കണം, പതുക്കെ മതി തീരുമാനം എന്നാണ് പറഞ്ഞത്. അപ്പോൾ പ്രശാന്താണ് പറഞ്ഞത് അത് പറ്റില്ല, ഒഴിപ്പിക്കാൻ പറ്റുമെങ്കിൽ ഒഴിപ്പിച്ചോ എന്ന്. കൂടെയുള്ളവർ കേട്ടതാണ്. എന്റെ ഫോണിൽ റെക്കോർഡ് ഇല്ല. അടുത്ത നടപടി എന്താണെന്ന് പാർട്ടി നേതൃത്വത്തോടും മേയറുമായും ആലോചിച്ച് തീരുമാനിക്കും. എം.എൽ.എ ക്വാർട്ടേഴ്സ് തൊട്ടടുത്താണ്. അദ്ദേഹം വിചാരിച്ചാൽ മണ്ഡലത്തിൽ എവിടെയും സ്ഥലം കിട്ടും’ –ശ്രീലേഖ പറഞ്ഞു.
പിന്നാലെ എം.എൽ.എ ഓഫിസിലെത്തി പ്രാശാന്തുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കാമറകൾക്കു മുന്നിൽ എം.എൽ.എക്ക് കൈകൊടുക്കുകയും തങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലെന്നും പറഞ്ഞാണ് ശ്രീലേഖ മടങ്ങിയത്. നേരത്തെ, ഓഫിസ് ഒഴിയണമെന്ന ശ്രീലേഖയുടെ ആവശ്യം സാമാന്യനീതിയുടെ ലംഘനമാണെന്ന് പ്രശാന്ത് പറഞ്ഞിരുന്നു. ഏഴ് വർഷമായി ജനങ്ങൾ ആശ്രയിക്കുന്ന ഓഫിസ് ഫോണിൽ വിളിച്ച് ഒഴിയാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ല. കോർപറേഷൻ നിശ്ചയിച്ച വാടകനൽകിയാണ് എം.എൽ.എ ഓഫിസ് പ്രവർത്തിക്കുന്നത്. അത് ഒഴിയാൻ നിയമപരമായ നടപടികളുണ്ടെന്നും എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഏഴു വർഷമായിട്ട് അവിടെ എം.എൽ.എ ഓഫിസ് പ്രവർത്തിക്കുകയാണ്, ഒപ്പം തന്നെ കൗൺസിലർ ഓഫിസും അവിടെ പ്രവർത്തിക്കുന്നുണ്ട്. അവർക്കൊന്നും പരാതി ഇല്ലായിരുന്നു. ഇപ്പോൾ വന്നിട്ടുള്ള കൗൺസിലറാണ് എം.എൽ.എ മാറിയാലേ സൗകര്യം ഉണ്ടാവു എന്ന് പറഞ്ഞുകൊണ്ട് ഇന്നലെ വിളിച്ചത്. ഇതൊരു ശരിയായ രീതിയല്ല. ഇത് ഒരു ഒരു ജനാധിപത്യ സംവിധാനത്തിന് യോജിച്ച ഒരു കാര്യമല്ല. വാടകക്കരാർ തീരുന്ന മാർച്ച് 31വരെ ഓഫിസ് ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കാനുള്ള അവകാശമുണ്ട്.
എം.എൽ.എ ഓഫിസിനായി സ്ഥലം നൽകിയ കൗൺസിൽ ആ തീരുമാനം റദ്ദാക്കണം. അതിനുശേഷം നഗരസഭാ സെക്രട്ടറിയാണ് കെട്ടിടം ഒഴിയണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകേണ്ടത്. പിന്നിൽ രാഷ്ട്രീയ നീക്കമാണെന്നും പ്രശാന്ത് പ്രതികരിച്ചു. തന്‍റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് കെട്ടിടം ഒഴിയണമെന്ന് ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. കൗണ്‍സിൽ തീരുമാന പ്രകാരമാണ് പ്രശാന്തിന്‍റെ ഓഫിസ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ഒഴിപ്പിക്കാൻ ബി.ജെ.പിക്കു ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനിച്ചാൽ എം.എൽ.എക്ക് ഓഫിസ് ഒഴിയേണ്ടി വരും.
കൗൺസിലർക്ക് കോർപറേഷൻ കെട്ടിടത്തിൽ ഓഫിസ് വേണമെങ്കിൽ മേയർ വഴിയാണ് അനുമതി കിട്ടേണ്ടത്. കെട്ടിട സൗകര്യം ലഭ്യമാണോ എന്നു സെക്രട്ടറി പരിശോധിച്ച് നടപടിയെടുക്കും. കോർപറേഷന്‍റെ കെട്ടിടം വാർഡിൽ ലഭ്യമല്ലെങ്കിൽ മറ്റു കെട്ടിടങ്ങൾ വാടകക്ക് എടുക്കാം.
