ജോട്ടയുടെ ഓർമകളിൽ നനഞ്ഞ് ആൻഫീൽഡ്, വാൻ ഡെയ്ക്കിന്‍റെ കൈപിടിച്ച് ഗ്രൗണ്ടിലിറങ്ങി, പന്തുതട്ടി മക്കൾ -വിഡിയോ

ലണ്ടൻ: അകാലത്തിൽ പൊലിഞ്ഞ ലിവർപൂളിന്‍റെ പോർചുഗൽ താരം ഡിയോഗോ ജോട്ടയുടെ ഓർമകളിൽ ജ്വലിച്ച് ആൻഫീൽഡ് കളിമുറ്റം. ഇന്നലെ നടന്ന ലിവർപൂൾ-വൂൾവ്സ് മത്സരം പ്രിയതാരം ജോട്ടക്ക് ആദരം അർപ്പിച്ചാണ് തുടങ്ങിയത്.

മത്സരത്തിനു മുമ്പ് ആൻഫീൽഡ് സ്റ്റേഡിയം വൈകാരിക രംഗങ്ങൾക്കാണ് സാക്ഷിയായത്. ലിവർപൂൾ താരം വെർജിൽ വാൻ ഡെയ്ക്കിന്‍റെ കൈപിടിച്ച് ജോട്ടയുടെ മക്കളായ ഡിനിസും ഡ്വാർട്ടെയും ഗ്രൗണ്ടിലിറങ്ങി. ഇരുടീമുകളിലും മുമ്പ് കളിച്ചിട്ടുള്ള ജോട്ട കഴിഞ്ഞ ജൂലൈയിലാണ് സ്പെയിനിൽ കാറപകടത്തിൽ മരിച്ചത്. താരത്തിന്‍റെ മരണത്തിനുശേഷം ആദ്യമായാണ് ജോ കളിച്ച രണ്ടു ക്ലബുകൾ പ്രീമിയർ ലീഗിൽ മുഖാമുഖം വരുന്നത്. താരങ്ങൾക്കൊപ്പം ജോട്ടയുടെ മക്കളും ഗ്രൗണ്ടിലേക്ക് നടന്നുവരുമ്പോൾ നിറകൈയടികളോടെയാണ് ആരാധകർ വരവേറ്റത്.

ആരാധകർ ഗാലറിയിൽ ‘ജോട്ട, എന്നെന്നും ഞങ്ങളുടെ ഹൃദയത്തിൽ’ എന്നെഴുതിയ വലിയ ബാനറുകളും ഉയർത്തിയിരുന്നു. ഇരു ടീമിന്‍റെ ആരാധകരും ഡിയോഗോ എന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. പ്രിയ താരത്തിന്‍റെ ഓർമയിൽ പലരുടെയും കണ്ണുകൾ നിറഞ്ഞു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിൽ ലിവർപൂൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വൂൾവ്സിനെ പരാജയപ്പെടുത്തി. റയാൻ ഗ്രാവൻബെർച്ച് (41), ഫ്ലോറിയൻ വിർട്സ് (42) എന്നിവരാണ് ചെമ്പടക്കായി ഗോളുകൾ നേടിയത്. 51ാം മിനിറ്റിൽ ഉറുഗ്വായ് താരം സാന്‍റിയാഗോ ബ്യൂണോയാണ് വൂൾവ്സിനായി ഒരു ഗോൾ മടക്കിയത്.

ജയത്തോടെ 18 മത്സരങ്ങളിൽനിന്ന് 32 പോയന്‍റുമായി ലിവർപൂൾ നാലാം സ്ഥാനത്തേക്ക് കയറി. വമ്പന്മാരെല്ലാം ജയിച്ചതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോര് മുറുകി. മറ്റു മത്സരങ്ങളിൽ ആഴ്സനലും മാഞ്ചസ്റ്റർ സിറ്റിയും ജയിച്ചുകയറിയപ്പോൾ ചെൽസിക്ക് വീണ്ടും കാലിടറി. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ആവേശപോരിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആസ്റ്റൺ വില്ലയോടാണ് നീലപ്പടക്ക് അടിതെറ്റിയത്. ഒരു ഗോളിന് പിന്നിൽ പോയ വില്ല രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ഗംഭീര വിജയം നേടിയത്.

ഉനായ് എമരിയും സംഘവും കിരീട പോരിൽ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിക്കുന്ന പ്രകടനം. പകരക്കാരനായി ഇറങ്ങി രണ്ട് ഗോളുകൾ നേടിയ ഒലി വാറ്റ്കിൻസാണ് വില്ലയുടെ വിജയശിൽപി. തുടർച്ചയായ 11 ജയങ്ങളെന്ന അപൂർവ റെക്കോഡും വില്ല സ്വന്തമാക്കി. 29 പോയന്‍റ് വീതമുള്ള ചെൽസിയും മാഞ്ചസ്റ്റർ യുനൈറ്റഡുമാണ് അഞ്ചും ആറും സ്ഥാനങ്ങളിൽ.