പത്മകുമാറിനോട് കടകംപള്ളിയാണോ ദൈവതുല്യനെന്ന് ചോദ്യം, ശവംതീനികള്‍ അല്ലെന്ന് മറുപടി



കൊല്ലം: ‘എല്ലാം അയ്യപ്പന്‍ നോക്കിക്കോളു’മെന്ന് ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് എ. പത്മകുമാര്‍. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴായിരുന്നു മാധ്യമങ്ങളോടുള്ള പത്മകുമാറിന്റെ പ്രതികരണം. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പത്മകുമാറിനെ കോടതിയില്‍ ഹാജരാക്കിയത്. ദൈവതുല്യന്‍ ആരാണെന്ന ചോദ്യത്തിന് ‘വേട്ടനായ്ക്കള്‍ അല്ലെ’ന്ന് പത്മകുമാര്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ ആണോ ദൈവതുല്യന്‍ എന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍, ‘ഏതായാലും ശവംതീനികള്‍ അല്ല’ എന്നായിരുന്നു മറുപടി.

ഇരയാക്കപ്പെടുന്നുണ്ടോയെന്ന ചോദ്യം ചോദിച്ചപ്പോഴായിരുന്നു എല്ലാം അയ്യപ്പന്‍ നോക്കിക്കൊള്ളും എന്ന് പത്മകുമാർ പറഞ്ഞത്. ദൈവതുല്യരായി കണ്ട പലരും അങ്ങനെയല്ല പ്രവര്‍ത്തിച്ചതെന്ന് പത്മകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, എ. പത്മകുമാറിന്‍റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ ജനുവരി ഏഴിന് വിധി പറയും. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവര്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കി. ഒരു ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നല്‍കിയത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

കേസില്‍ എ.സി.ഐ.ടി സംഘം വിപുലീകരിച്ചു. രണ്ട് സി.ഐമാരെക്കൂടി ഉള്‍പ്പെടുത്തിയാണ് വിപുലീകരിച്ചത്. ഇതോടെ എസ്‌.ഐ.ടിയില്‍ പത്ത് അംഗങ്ങളായി. സംഘം വിപുലീകരിക്കണമെന്ന എസ്‌.ഐ.ടി ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കോടതി അംഗീകാരം നല്‍കുകയും രണ്ട് സി.ഐമാരെ കൂടി ഉള്‍പ്പെടുത്തുകയുമായിരുന്നു. കേസില്‍ ഡി. മണിയും സുഹൃത്ത് ബാലമുരുകനും ഇന്ന് എസ്‌.ഐടിക്ക് മുന്നില്‍ ഹാജരായി. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും ചോദ്യം ചെയ്തു. പ്രശാന്തിനേയും കടകം പള്ളി സുരേന്ദ്രനെയും ഒരേ ദിവസമാണ് ചോദ്യം ചെയ്തത്.

കടകംപള്ളി സുരേന്ദ്രനെ മൂന്നര മണിക്കൂറിലധികം സമയം ചോദ്യം ചെയ്തു എന്നാണ് വിവരം. ബോർഡിന്‍റെ തീരുമാനങ്ങളിൽ താൻ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി മൊഴി നൽകി. എല്ലാ തീരുമാനങ്ങളും ബോർഡാണ് എടുത്തത്. സ്വർണം പൂശാനുള്ള ഒരു ഫയൽ നീക്കവും വകുപ്പ് നടത്തിയിട്ടില്ലെന്നും കടകംപള്ളി പറഞ്ഞതായാണ് അറിയുന്നത്.

അതേസമയം, മുൻമന്ത്രിയെന്ന നിലയിൽ തന്നോട് വിവരങ്ങൾ ചോദിച്ചു, അറിയാവുന്നത് പറഞ്ഞു എന്നാണ് ചോദ്യം ചെയ്യൽ സ്ഥിരീകരിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ സംഘം വിപുലീകരിക്കാൻ ഹൈകോടതി അനുമതി നൽകി. എസ്.ഐ.ടിയുടെ ആവശ്യം അംഗീകരിച്ച് കൊണ്ട് ഹൈകോടതി അവധിക്കാല ബെഞ്ചാണ് അനുമി നൽകിയത്. അന്വേഷണ സംഘത്തിൽ രണ്ട് സി.ഐമാർകൂടി സംഘത്തിൽ പങ്കാളികളാകും.