തൂത്തുവാരി ഇന്ത്യൻ വനിതകൾ (5-0); ലങ്കക്കെതിരെ 15 റൺസ് ജയം, ഇന്ത്യക്കായി പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റ്

തിരുവനന്തപുരം: വനിത ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. അഞ്ചാം മത്സരത്തിൽ 15 റൺസിനാണ് ഇന്ത്യയുടെ ജയം.

ഇതോടെ 5-0ത്തിനാണ് ഹർമൻപ്രീത് കൗറും സംഘവും പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ലങ്കക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സന്ദർശകർക്കായി ഹാസിനി പെരേരയും (42 പന്തിൽ 65) ഇമേഷ ദുലനിയും (39 പന്തിൽ 50) അർധ സെഞ്ച്വറി നേടി പൊരുതിയെങ്കിലും ബാക്കിയുള്ളവർ നിരാശപ്പെടുത്തി. ഒരുഘട്ടത്തിൽ ടീം 13.3 ഓവറിൽ മൂന്നു വിക്കറ്റിന് 100 റൺസെന്ന നിലയിലായിരുന്നു.

രണ്ടാം വിക്കറ്റിൽ ഹാസിനിയും ദുലനിയും നേടിയ 79 റൺസ് കൂട്ടുകെട്ടാണ് ടീമിന്‍റെ തോൽവിഭാരം കുറച്ചത്. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് സ്വന്തമാക്കി. നേരത്തെ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ അർധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 43 പന്തിൽ ഒരു സിക്സും ഒമ്പതു ഫോറുമടക്കം 68 റൺസെടുത്താണ് കൗർ പുറത്തായത്. അവസാന ഓവറുകളിൽ അരുന്ധതി റെഡ്ഡി തകർത്തടിച്ചു. 11 പന്തിൽ 27 റൺസ് അടിച്ചെടുത്ത് താരം പുറത്താകാതെ നിന്നു. ഇന്ത്യക്കായി ട്വന്‍റി20 അരങ്ങേറ്റം കുറിച്ച 17കാരി കമലിനി 12 പന്തിൽ 12 റൺസെടുത്ത് പുറത്തായി.

ഷെഫാലി വർമ (ആറു പന്തിൽ അഞ്ച്), ഹർലീൻ ഡിയോൾ (11 പന്തിൽ 13), റിച്ച ഘോഷ് (ആറു പന്തിൽ അഞ്ച്), ദീപ്തി ശർമ (എട്ടു പന്തിൽ ഏഴ്), അമൻജോത് കൗർ (18 പന്തിൽ 21) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ആറു പന്തിൽ എട്ടു റൺസുമായി സ്നേഹ് റാണയും പുറത്താകാതെ നിന്നു. ലങ്കക്കായി കവിഷ ദിൽഹരി, രഷ്മിക സെവ്വന്ദി, ചമരി അത്തപത്തു എന്നിവർ ഒരു വിക്കറ്റ് വീതം വീഴ്ത്തി. സൂപ്പർ ബാറ്റർ സ്മൃതി മന്ദാനയും രേണുക സിങ് ഠാക്കൂറിനും ഇന്ത്യ വിശ്രമം നൽകി.