രണ്ട് കോടി നഷ്ടപരിഹാരം തേടി ഉമ തോമസ്; 'ആരോഗ്യം ഇപ്പോഴും വീണ്ടെടുക്കാനായിട്ടില്ല'
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എം.എൽ.എ. സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എക്ക് ഇതുപ്രകാരം വക്കീൽ നോട്ടീസയച്ചു. 2024 ഡിസംബർ 29ന് ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്ത സന്ധ്യക്കിടെ ആയിരുന്നു അപകടം.
താൽക്കാലികമായി തയാറാക്കിയ ഉദ്ഘാടന വേദിയിൽ നിന്ന് തലയിടിച്ച് വീണ ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉയരത്തിൽ നിന്ന് വീണ എം.എൽ.എയുടെ തല കോൺക്രീറ്റിലാണ് ഇടിച്ചത്. 9 ദിവസം കഴിഞ്ഞാണ് ബോധം വീണ്ടെടുത്തത്. 10.5 മീറ്റർ ഉയരത്തിൽ നിന്നാണ് ഉമ തോമസ് വീണത്. പരിക്കേറ്റ ഉമയെ സ്റ്റേഡിയത്തിനു പുറത്തെത്തിക്കാൻ വൈകിയെന്നും ആരോപണം ഉണ്ട്.
സ്റ്റേജ് നിർമാണത്തിലെ സുരക്ഷാ വീഴ്ചയാണ് എം.എൽ.എയുടെ അപകടത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. കാര്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് വേദി നിർമിച്ചിരുന്നത്. 12,000 പേർ ഒരുമിച്ച് നൃത്തം ചെയ്യുന്ന പരിപാടിക്കായി സംഘാടകർ 9 ലക്ഷം രൂപക്കാണ് സ്റ്റേഡിയം ബുക്ക് ചെയ്തിരുന്നത്.
