നാട്ടിടവഴികളെ ഭക്തി സാന്ദ്രമാക്കി കാവടി സഞ്ചാരം
പയ്യന്നൂർ: ശിവഗിരി, ശക്തിഗിരി പർവതങ്ങൾ ഒരു തണ്ടിന്റെ രണ്ടറ്റത്ത് തൂക്കി അഗസ്ത്യമുനിയുടെ ആശ്രമത്തിലെത്തിക്കാൻ പുറപ്പെടുകയും പഴനിയിൽ എത്തിയപ്പോൾ ക്ഷീണം കാരണം മലകൾ ഇറക്കിവെച്ച് എടുക്കാൻ ശ്രമിച്ചപ്പോൾ സാധിക്കാതിരിക്കുകയും ചെയ്ത പുരാവൃത്തപ്പെരുമയുടെ സ്മൃതിയടയാളവുമായി കാവടി സഞ്ചാരം. ജില്ലയിൽ പലയിടത്തും ഗ്രാമങ്ങളിലെ നാട്ടിടവഴികളെ വർണാഭമാക്കി കാവടി സഞ്ചാരം കാണാം. മുരുകാരാധനയുമായി ബന്ധപ്പെട്ടതാണ് ഈ അനുഷ്ഠാനം.
വ്രതമെടുത്ത് നാട്ടിൽ സഞ്ചരിച്ച് ഭിക്ഷയെടുത്ത് മലക്കു പോവുകയാണ് പതിവ്. തമിഴ്നാട്ടിലാണ് കാവടിക്ക് കൂടുതൽ പ്രാധാന്യമുള്ളത്. നൂറ്റാണ്ടുകളായി ഈ ആചാരം നിലനിൽക്കുന്നു. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായതിനാലാണ് കാവടിക്ക് വടക്കൻ കേരളത്തിൽ വേരോട്ടം ലഭിക്കാൻ കാരണമെന്നാണ് ചരിത്രമതം. പയ്യന്നൂരിനടുത്ത് കോറോത്തും വടശ്ശേരിയിലും കാവടി സഞ്ചാരം ആരംഭിച്ചു.
ജനുവരി രണ്ടിനു നടക്കുന്ന ആണ്ടിയൂട്ടിനു മുന്നോടിയായാണ് കോറോം സുബ്രമണ്യ കോവിലിലെ കാവടി സംഘം ദേശസഞ്ചാരം തുടങ്ങിയത്. പയ്യന്നൂർ പെരുമാളെ തൊഴുതുവണങ്ങിയാണ് കാവടി സംഘങ്ങൾ സഞ്ചാരം തുടങ്ങുന്നത്. കാവടിക്കാർ ഭവന സന്ദർശനം നടത്തുകയാണ് പതിവ്.
ചുവപ്പു തറ്റുടുത്ത് ചുണ്ടിൽ വെള്ളിത്തോരണമണിഞ്ഞ് മുദ്രവളയുംപട്ടയും ധരിച്ച പൂജാരി അഭിഷേകം ചെയ്യാനുള്ള പാലോ പനിനീരോ ഭസ്മമോ നിറച്ച മുരുഡകൾ രണ്ടറ്റത്തും തൂക്കിയിട്ട പാൽക്കാവടി ചുമലിലേന്തുന്നു. ആണ്ടിമാരുടെ സംഘവും ഒപ്പമുണ്ടാവും. രാത്രികാലത്ത് ഇവർ തങ്ങുന്നത് അതത് പ്രദേശത്തെ പ്രധാന ഭക്തരുടെ വീടുകളിലായിരിക്കും.
