ഇന്ത്യക്ക് തിരിച്ചടി; ഓൾ റൗണ്ടർ ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും കളിക്കില്ല, ലോകകപ്പും സംശയത്തിൽ

മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിനിടെ പരിക്കേറ്റ് ടീമിനു പുറത്തായ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദർ ട്വന്റി20 പരമ്പരയിലും കളിക്കില്ല. ഈമാസം 21ന് ആരംഭിക്കുന്ന പരമ്പരയിൽ അഞ്ചു മത്സരങ്ങളാണുള്ളത്.
സുന്ദറിനു പകരക്കാരനായി ഏകദിന സ്ക്വാഡിൽ യുവതാരം ആയുഷ് ബദോനിയെ ഉൾപ്പെടുത്തിയിരുന്നു. വഡോദരയില്‍ നടന്ന മത്സരത്തില്‍ താരത്തിന് ഇടുപ്പ് വേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് സ്കാനിങ്ങിന് വിധേയനാക്കിയ താരത്തെ ബാക്കിയുള്ള മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി. എന്നാൽ, ട്വന്റി20 പരമ്പരക്കു മുന്നോടിയായി സുന്ദർ പരിക്കിൽനിന്ന് പൂർണ മോചിതനാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ട്വന്റി20 ലോകകപ്പ് പങ്കാളിത്തവും സംശയത്തിലാണ്. ടെസ്റ്റിക്കുലാർ ടോർഷനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലുള്ള സൂപ്പർ ബാറ്റർ തിലക് വർമയും ട്വന്റി20 പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങൾ കളിക്കില്ല.
ട്വന്റി20 ലോകകപ്പിൽ സുന്ദറിന് കളിക്കാനായില്ലെങ്കിൽ പകരക്കാരായി സായി കിഷോർ, ഷഹബാസ് അഹ്മദ്, ക്രുണാൽ പാണ്ഡ്യ എന്നിവരാണ് പരിഗണനയിലുള്ളത്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹി താരമായ ബദോനി ആദ്യമായാണ് ഇന്ത്യൻ സ്ക്വാഡിലെത്തുന്നത്.
ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിന്റെ താരമാണ് ഈ 26കാരൻ. പരിശീലകൻ ഗൗതം ഗംഭീറിന്റെ ഇടപെടലിനെ തുടർന്നാണ് ബദോനിയെ ടീമിലെടുത്തതെന്ന് ഒരുവിഭാഗം വിമർശിച്ചിരുന്നു.
ബാറ്ററും പാർട്ടൈം ബോളറും മാത്രമായ ബദോനി, എങ്ങനെ ഓൾറൗണ്ടറായ വാഷിങ്ടൻ സുന്ദറിനു പകരക്കാരനാകുമെന്നാണ് പ്രധാനമായും ഇവർ ചോദിക്കുന്നത്. അതേസമയം, രാജ്കോട്ടിലെ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് തോറ്റതോടെ പരമ്പരയിൽ ന്യൂസിലൻഡ് ഒപ്പമെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ കെ.എൽ. രാഹുലിന്റെ (92 പന്തിൽ 112 നോട്ടൗട്ട്) തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ 50 ഓവറിൽ ഏഴ് വിക്കറ്റിന് 284 റൺസെടുത്തു. കിവികൾ 47.3 ഓവറിൽ മൂന്ന് വിക്കറ്റിന് ലക്ഷ്യത്തിലെത്തി. കളിയിലെ കേമനായ ഡാരിൽ മിച്ചലിന്റെ (117 പന്തിൽ 131 നോട്ടൗട്ട് ) ശതകവും വിൽ യങ്ങിന്റെ (98 പന്തിൽ 87) പ്രകടനവുമാണ് വിജയമൊരുക്കിയത്. ഇന്ത്യക്കായി നായകൻ ശുഭ്മൻ ഗിൽ (53 പന്തിൽ 56) അർധ സെഞ്ച്വറി നേടി. നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരം ജനുവരി 18ന് ഇന്ദോറിൽ.
