വിശ്വനാഥൻ കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്; രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം
വിശ്വനാഥൻ
കോഴിക്കോട്: ആൾക്കൂട്ട വിചാരണയെത്തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവ് മരത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ആൾക്കൂട്ട വിചാരണക്ക് തെളിവില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച കേസിലാണ് കോഴിക്കോട് ജില്ല പ്രിൻസിപ്പൽ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രിൻസിപ്പൽ ജഡ്ജി ബിന്ദുകുമാരിയുടെ ഉത്തരവിൽ പറയുന്നു.
2023 ഫെബ്രുവരി 11നാണ് മേപ്പാടി സ്വദേശി വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണം ആരോപിച്ച് ആൾക്കൂട്ട വിചാരണ നടത്തിയതാണ് വിശ്വനാഥന്റെ മരണത്തിന് കാരണമെന്ന് സഹോദരൻ വിനോദ് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ആൾക്കൂട്ട വിചാരണക്ക് തെളിവില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ട്.
