'കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവക്കായി ഇങ്ങോട്ടു വന്നാൽ..തല്ലും, തല്ലും, തല്ലും'; ലഹരി മാഫിയക്കെതിരെ പെരുമ്പാവൂരിൽ നാട്ടുകാരുടെ മുന്നറിയിപ്പ് പോസ്റ്ററുകൾ
കൊച്ചി: ലഹരി ഉപയോഗം വ്യാപകമായതോടെ പെരുമ്പാവൂർ വെങ്ങോല കണ്ടത്തറയിൽ നാട്ടുകാർ സ്ഥാപിച്ച പോസ്റ്ററുകൾ ശ്രദ്ധേയമാകുന്നു. ‘കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവക്കായി ഇങ്ങോട്ടു വന്നാൽ… തല്ലും, തല്ലും, തല്ലും’ എന്നെഴുതിയ പോസ്റ്ററാണ് സ്ഥാപിച്ചത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന ‘ഭായി കോളനി’ എന്നും ‘ബംഗാൾ കോളനി’ എന്നും വിളിക്കുന്ന സ്ഥലത്താണ് പോസ്റ്റർ. കഞ്ചാവ്, ഹെറോയിൻ, രാസലഹരി തുടങ്ങി എന്തും സുലഭമായി ലഭിക്കുന്ന ഭാഗമാണിതെന്നും പകൽ പൊതുനിരത്തിൽ പോലും ആളുകള്‍ ലഹരി കുത്തിവെക്കുകയും മറ്റും ചെയ്യുന്ന സ്ഥലത്ത് നിവൃത്തികേടുകൊണ്ടാണ് ബോർഡ് സ്ഥാപിച്ചതെന്നും പറയുന്നു നാട്ടുകാർ.
കേരളത്തിൽ തന്നെ ഏറ്റവുമധികം ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് കണ്ടത്തറയിലുള്ള ഭായ് കോളനി. യാതൊരു നിയന്ത്രണവുമില്ലാത്ത വിധത്തിലാണ് ഇവിടെ ലഹരി വ്യാപാരവും വേശ്യാവൃത്തിയും നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
കേരളത്തിന്റെ പല ജില്ലകളിൽനിന്നു ലഹരി അന്വേഷിച്ച് ഇവിടേക്ക് വരുന്നുണ്ട്. അടുത്തിടെ ഈ കോളനി കേന്ദ്രീകരിച്ച് നടന്ന ലഹരി വേട്ടയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ പോലും അച്ചടക്ക നടപടി നേരിടേണ്ടി വന്നിരുന്നു. ബോർഡ് സ്ഥാപിച്ചതിനു പിന്നാലെ നാട്ടുകാർ ‘ലഹരി വിരുദ്ധ സമിതി’ എന്ന കൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്.
