സന്തോഷ് ട്രോഫി; ഇന്ന് കിക്കോഫ്

ഗുവാഹതി: ദേശീയ ഫുട്ബാൾ ടൂർണമെന്റായ സന്തോഷ് ട്രോഫിയുടെ 79ാം പതിപ്പിന്റെ അന്തിമ റൗണ്ട് മത്സരങ്ങൾ ബുധനാഴ്ച തുടങ്ങും. അസമിലെ ധാകുവാഖാന, സിലാപതാർ സ്റ്റേഡിയങ്ങളിലാണ് കളി. 12 ടീമുകളാണ് അന്തിമ റൗണ്ടിലുള്ളത്. നിലവിലെ റണ്ണറപ്പായ കേരളം വ്യാഴാഴ്ച പഞ്ചാബിനെതിരെ ആദ്യ പോരിനിറങ്ങും. ഉദ്ഘാടനദിനത്തിൽ ഉത്തരാഖണ്ഡ്-രാജസ്ഥാൻ, ബംഗാൾ-നാഗാലാൻഡ്, തമിഴ്നാട്-അസം മത്സരങ്ങൾ നടക്കും.
ഗ്രൂപ് എ-യിൽ ആതിഥേയരായ അസം, നിലവിലെ ചാമ്പ്യന്മാരായ ബംഗാൾ, തമിഴ്നാട്, ഉത്തരാഖണ്ഡ്, നാഗാലാൻഡ്, രാജസ്ഥാൻ, ബി-യിൽ കേരളം, സർവിസസ്, പഞ്ചാബ്, ഒഡിഷ, റെയിൽവേസ്, മേഘാലയ ടീമുകളാണുള്ളത്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളെന്ന നിലയിൽ ബംഗാളും കേരളവും ആതിഥേയരായി അസമും അന്തിമ റൗണ്ടിന് നേരിട്ട് യോഗ്യത നേടി. യോഗ്യത മത്സരങ്ങൾ കളിച്ചാണ് ബാക്കി ഒമ്പത് ടീമുകളെത്തിയത്. ഓരോ ഗ്രൂപ്പിൽനിന്നും നാല് വീതം ടീമുകൾ ക്വാർട്ടർ ഫൈനലിൽ കടക്കും. ഫെബ്രുവരി രണ്ടിനും മൂന്നിനും ക്വാർട്ടറും അഞ്ചിന് സെമി ഫൈനലും എട്ടിന് ഫൈനലും അരങ്ങേറും.
