ട്വന്റി20 വ്യാപാര സ്ഥാപനം; എൻ.ഡി.എയിൽ ചേർന്നത് സ്വാഭാവിക പരിണാമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട്: ട്വന്റി20 പാർട്ടി എൻ.ഡി.എയിൽ ചേർന്നതിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ.
സാബു എം. ജേക്കബ്ബിന്‍റെ പാര്‍ട്ടിയുടെ സ്വാഭാവിക പരിണാമമാണ് എൻ.ഡി.എയിൽ ചേര്‍ന്നത്. അവർ വ്യാപാര സ്ഥാപനമാണ്, അവർക്ക് എൻ.ഡി.എയിൽ ചേരുകയേ മാർഗമുള്ളുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു.
എസ്.എൻ.ഡി.പിയുടെയും എൻ.എസ്.എസിന്റെയും പുതിയ നീക്കങ്ങളെയും മുല്ലപ്പള്ളി വിമർശിച്ചു. എസ്.എൻ.ഡി.പി നേതൃത്വം കേരളത്തെ ജാതി മതചിന്തയിലേക്ക് കൊണ്ടുപോകരുത്. ശ്രീനാരായണ ഗുരുവിനെപ്പോലുള്ള നിരവധി മഹാരഥന്മാർ നയിച്ച പ്രസ്ഥാനമാണത്. ജാതി മത ചിന്തകൾക്ക് കേരളം ഒരുപാട് വില കൊടുത്തിട്ടുണ്ട്. എൻ.എസ്.എസ് നേതൃത്വവും ഇക്കാര്യം ഓർക്കണം. മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് എൻ.എസ്.എസ്. മന്നത്ത് പത്മനാഭൻ ഉത്തമനായ കോൺഗ്രസ് നേതാവായിരുന്നു. നവോഥാനം ഉണ്ടാക്കിയ എൻ.എസ്.എസ് ജാതിമത ചിന്തകളിലേക്ക് തിരിച്ചുപോകരുത്.
സാമുദായിക നേതാക്കൾ സാമുദായിക ചിന്ത ഉണ്ടാക്കുന്ന പ്രസ്താവന നടത്തുന്നത് ദൗർഭാഗ്യകരമാണ്. എം.പിമാർ എല്ലാം നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുന്നത് പ്രായോഗികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എം.പിമാർ മത്സരിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. ബേപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥി എന്ന നിലയിൽ അൻവർ പ്രചാരണം നടത്തുമെന്ന് തോന്നുന്നില്ല. സീറ്റ് പങ്കിടൽ ചർച്ച യു.ഡി.എഫിൽ നടക്കുന്നേയുള്ളുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
