പശുക്കുട്ടിയെ കൊന്ന് 12 മണിക്കൂറിനകം നാട്ടിൽ ഭീതി വിതച്ച പുലി കൂട്ടിലായി
തച്ചമ്പാറ (പാലക്കാട്): ജനവാസ മേഖലയെ മണിക്കൂറുകളോളം ഭീതിയുടെ മുൾമുനയിൽ നിർത്തിയ പുലി ഒടുവിൽ വനം വകുപ്പിന്റെ കൂട്ടിലായി. മണ്ണാർക്കാട് വനം ഡിവിഷൻ പരിധിയിലെ പാലക്കയം റെയ്ഞ്ചിന് കീഴിലെ തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ ചെന്തണ്ട് പ്രദേശത്ത് സ്ഥാപിച്ച വനം വകുപ്പിന്റെ കെണിയിലാണ് പുലി കുടുങ്ങിയത്. ശിരുവാണി വനമേഖലയിലെ ഉൾക്കാട്ടിൽ നിന്നിറങ്ങിയ ആൺപുലിക്ക് അഞ്ച് വയസ്സ് തോന്നിക്കും. ശനിയാഴ്ച പുലർച്ചയാണ് പുലി കൂട്ടിനകത്തായത്. രാവിലെ ആറരയോടെ പരിസരവാസികൾ പുലി കൂട്ടിലായ വിവരം വനപാലകരെ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ച തച്ചമ്പാറ ചെന്തുണ്ട് ഈറ്റത്തോട്ട് റജി സെബാസ്റ്റ്യന്റെ പശുക്കുട്ടിയെ പുലി തിന്ന് അവശിഷ്ടങ്ങൾ പറമ്പിൽ ഉപേക്ഷിച്ചിരുന്നു. തുടർന്ന് ജനപ്രതിനിധികളും പ്രദേശവാസികളും പുലിയെ പിടികൂടണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.
വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ വെള്ളിയാഴ്ച രാത്രിയോടെ പ്രദേശത്ത് നിരീക്ഷണ കാമറകളും കൂടും സ്ഥാപിച്ചു. പശുക്കുട്ടിയെ പിടികൂടി കൊന്ന് 12 മണിക്കൂറിനകം പുലി കൂട്ടിലായി. പുലിയെ ശനിയാഴ്ച രാവിലെ പാലക്കയം സ്റ്റേഷനിലെത്തിച്ചു. പുലിയുടെ നീക്കങ്ങൾ നിരീക്ഷിച്ച് കാട്ടിലേക്ക് തിരിച്ചയക്കും. വെറ്ററിനറി സർജൻ ഡോ. ഡേവിഡ് പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, വനം പാലക്കയം റെയ്ഞ്ച് ഓഫിസർ ഇഫ്റോസ് നവാസ് ഏലിയാസ്, ആർ.ആർ.ടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ മോഹനകൃഷ്ണൻ, പാലക്കയം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ മനോജ്, സെക്ഷൻ വനം ഓഫിസർമാരായ ഫിറോസ്, ലക്ഷ്മി ദാസ്, ദ്രുതപ്രതികരണ സംഘം, വനപാലകർ എന്നിവർ സ്ഥലം സന്ദർശിച്ച് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
തച്ചമ്പാറ, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തുകളിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഭീതി പരത്തി വളർത്തുമൃഗങ്ങളെ കൊന്ന് തിന്ന് കറങ്ങിയ മറ്റൊരു പുലി വാക്കോടൻ മലയടിവാര പ്രദേശത്ത് കഴിഞ്ഞ മാസം വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയിരുന്നു.
