400 ഗ്രാൻഡ് സ്ലാം വിജയങ്ങൾ നേടുന്ന ആദ്യ താരമായി ദ്യോകോവിച്

400 ഗ്രാൻഡ് സ്ലാം വിജയങ്ങൾ നേടുന്ന ആദ്യ താരമായി ദ്യോകോവിച്
മെൽബൺ: കരിയറിലെ 25ാം ഗ്രാൻഡ് സ്ലാം കിരീടവും ചരിത്രനേട്ടവും തേടുന്ന നൊവാക് ദ്യോകോവിചിന് മറ്റൊരു റെക്കോഡ്. ഗ്രാൻഡ് സ്ലാം ടൂർണമെന്റുകളിലെ 400ാം വിജയം സ്വന്തമാക്കി സെർബിയൻ ഇതിഹാസം ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ താരമായി. ആസ്ട്രേലിയൻ ഓപൺ പുരുഷ സിംഗ്ൾസ് മൂന്നാം റൗണ്ടിൽ നെതർലൻഡ്സ് ബൊട്ടിക് വാൻ ഡി സാൻഡ്ഷുൾപ്പിനെ 6-3, 6-4, 7-6(4)ന് തോൽപിച്ചാണ് ദ്യോകോ പ്രീക്വാർട്ടറിലും കടന്നു. പത്ത് തവണ കിരീടം നേടിയ ആസ്ട്രേലിയൻ ഓപണിൽ 102ാം വിജയവും.
നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ യാനിക് സിന്നർ യു.എസിന്റെ എലിയറ്റ് സ്പിസിരിയെ 4-6, 6-3, 6-4, 6-4ന് തോൽപിച്ച് അവസാന 16ലെത്തി.
യു.എസ് താരം ടെയ് ലർ ഫ്രിറ്റ്സ് 7-6, 2-6, 6-4, 6-4ന് സ്വിറ്റ്സർലൻഡിന്റെ സ്റ്റാൻ വാവ്റിങ്കയെയും നോർവേയുടെ കാസ്പർ റൂഡ് 6-4, 6-4, 3-6, 7-5ന് ക്രൊയേഷ്യയുടെ മാരിൻ സിലിചിനെയും ഇറ്റലിയുടെ ലോറെൻസോ മുസേറ്റി 5-7, 6-4, 6-2, 5-7, 6-2ന് ചെക് റിപ്പബ്ലിക്കിന്റെ ടോമാഷ് മച്ചാചിനെയും തോൽപിച്ച് പ്രീക്വാർട്ടറിൽ കടന്നു. അതേസമയം, വനിതകളിൽ ജാപ്പനീസ് സൂപ്പർ താരം നാവോമി ഒസാക മൂന്നാം റൗണ്ട് മത്സരത്തിനു മുമ്പ് പരിക്കുകാരണം പിന്മാറി.
നിലവിലെ ചാമ്പ്യൻ യു.എസിന്റെ മഡിസൻ കീസ് ചെക് താരം കരോളിന പ്ലിഷ്കോവയെ 6-3, 6-3നും കസാഖ്സ്താന്റെ എലേന റിബാകി ചെക്കിന്റെതന്നെ തെരേസ വാലന്റോവയെ 6-2, 6-3നും പോളണ്ടിന്റെ ഇഗ സ്വിയാറ്റക് റഷ്യയുടെ അന്ന കലിൻസ്കായയെ 6-1, 1-6, 6-1നും യു.എസിന്റെ ജെസീക പെഗുല റഷ്യയുടെ തന്നെ ഒക്സാന സെലെഖ്മെതേവയെ 6-3, 6-2നും വീഴ്ത്തി പ്രീക്വാർട്ടറിൽ ഇടംപിടിച്ചു.
