ലക്ഷങ്ങളുടെ ഡിജിറ്റൽ തട്ടിപ്പ്; കമ്മീഷൻ വാങ്ങിയയാൾ അറസ്റ്റിൽ
മതിലകം: എസ്.എൻ പുരം സ്വദേശിയിൽ നിന്ന് ഡൽഹി പൊലീസ് ചമഞ്ഞ് 12, 25,000 ലക്ഷം തട്ടിയെടുത്ത കേസിൽ സഹായിയായ പ്രതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് കൽപ്പറ്റ സ്വദേശി ഷെബീന മൻസിലിൽ മുഹമ്മദ് ഷബാബ് (25)നെയാണ് ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വയനാട് കൽപ്പറ്റയിൽ നിന്നും അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് നടത്തിയ പണം കൈമാറ്റം ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട് ഉള്ളയാളുകളെ പരിചയപ്പെടുത്തിക്കൊടുത്ത് കമ്മീഷൻ കൈപ്പറ്റുന്ന സംഘത്തിലുൾപ്പെട്ട പ്രതിയാണ് ഷബാബ്. കഴിഞ്ഞ വർഷം ഏപ്രിൽ ഏഴിനാണ് എസ്.എൻ പുരം സ്വദേശി ഡിജിറ്റൽ തട്ടിപ്പിനിരയായത്. പൊലീസ് യൂണിഫോമിൽ വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടയാൾ ഡൽഹി ക്രൈം ഡിപ്പാർട്ട്മെന്റിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
ഇരയുടെ ആധാർ കാർഡ് ഉപയോഗിച്ച് ഒരാൾ ഒരു കോടിയിലധികം രൂപ ലോൺ എടുത്തിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്. തുടർന്ന് വാട്സപ്പിലൂടെ സുപ്രീം കോടതിയുടെ വ്യാജ ലെറ്റർ പാഡിൽ നോട്ടീസ് അയക്കുകയും ചെയ്തു.
തട്ടിപ്പിനിരയായാളുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം വെരിഫൈ ചെയ്യുന്നതിനാണെന്ന് ധരിപ്പിച്ചായിരുന്നു നോട്ടീസ്. ശേഷം നോട്ടറി ഡിപ്പാർട്ട്മെന്റിന്റെ അക്കൗണ്ടിലേക്കാണെന്ന് പറഞ്ഞ് എസ്.എൻ.പുരം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒൺലൈനായി മൂന്ന് തവണകളായി 12,25,000 രൂപ തട്ടിപ്പ് സംഘത്തിൻ്റെ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു. അടുത്ത ദിവസം അക്കൗണ്ടിൽ തിരിച്ചുവരുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ഈ കേസിലെ മറ്റൊരു പ്രതിയായ വയനാട് സുൽത്താൻ ബത്തേരി മൈതാനിക്കുന്ന് സ്വദേശി മച്ചിങ്ങാതൊടിയിൽ വീട്ടിൽ മുഹമ്മദ് ഫസൽ (23)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മതിലകം എസ്.എച്ച്.ഒ വിമോദ്, എസ്.ഐ വിശാഖ്ജി, എ.എസ്.ഐ വഹാബ് ജി.എസ്, സി.പി.ഒ ഷനിൽ, സി.പി.ഒ മുഹമ്മദ് ഷൻസിൽ എന്നിവർ ഉൾപ്പെടുന്നതായിരുന്നു അന്വേഷണ സംഘം.
