12 വർഷത്തെ വിദഗ്ധ ചികിത്സ, ഇനി കിടപ്പുരോഗിയല്ല; മൈക്കൽ ഷൂമാക്കർ പുതിയ ‘ട്രാക്കി’ലേക്ക്

ഫോർമുല വൺ (എഫ് വൺ) ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ പുരോഗതി. 2013ൽ നടന്ന സ്കീയിംഗ് അപകടത്തിന് ശേഷം ദീർഘകാലമായി കിടപ്പിലായിരുന്ന ഷൂമാക്കർക്ക്, വീൽച്ചെയറിൽ ഇരിക്കാവുന്ന നിലയിലേക്ക് ആരോഗ്യം മെച്ചപ്പെട്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 12 വർഷമായി അദ്ദേഹത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല. മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയാണെങ്കിലും ഇരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും സാധിക്കുന്ന അവസ്ഥയിലാണ് ഷൂമാക്കറെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഷൂമാക്കറുടെ ആരോഗ്യവിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റെ ഭാര്യ കോറിന്നയും കുടുംബവും സ്വീകരിച്ചിരുന്നത്. അടുത്ത സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ പ്രകാരം അദ്ദേഹം പതിയെ പുരോഗതി കൈവരിക്കുന്നുണ്ട്. സ്വിറ്റ്സർലൻഡിലെ തടാകതീരത്തുള്ള വസതിയിൽ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളോടെയാണ് അദ്ദേഹത്തിന് ചികിത്സ നൽകുന്നത്. ഫിസിയോതെറാപ്പി, മറ്റ് നൂതന ചികിത്സാ രീതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അടുത്തിടെ മകൾ ജിനയുടെ വിവാഹ ചടങ്ങിൽ ഷൂമാക്കർ പങ്കെടുത്തതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ അദ്ദേഹം എത്തിയത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. എങ്കിലും ഇതിന്റെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2013 ഡിസംബറിൽ ഫ്രഞ്ച് ആൽപ്‌സിൽ സ്കീയിംഗ് നടത്തുന്നതിനിടെയാണ് ഷൂമാക്കറുടെ തലക്ക് ഗുരുതര പരിക്കേറ്റത്. മാസങ്ങളോളം കോമയിലായിരുന്ന അദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മാറ്റുകയായിരുന്നു.
‘ലോക്ക്ഡ്-ഇൻ സിൻഡ്രോം’ എന്ന അവസ്ഥയിലാണ് ഷൂമാക്കറെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പൂർണ ബോധത്തോടെയാണെങ്കിലും കണ്ണുകൾ ചിമ്മി മാത്രം പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയാണിത്. എന്നാൽ ഈ പ്രചാരണവും തെറ്റാണെന്ന് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. ഭാര്യ കോറിനയും ഒരു സംഘം നഴ്സുമാരും തെറപ്പിസ്റ്റുകളും ചേർന്നാണ് താരത്തെ പരിചരിക്കുന്നത്. ആഴ്ചയിൽ പതിനായിരക്കണക്കിന് പൗണ്ട് ചെലവുവരുന്ന ഈ സംഘം 24 മണിക്കൂറും ഷൂമാക്കർക്ക് ഒപ്പമുണ്ട്. കായികരംഗത്തെ ആദ്യ ശതകോടീശ്വരനാണ് ഷൂമാക്കർ. ഏഴു തവണ എഫ് വൺ ലോക ചാമ്പ്യനായിരുന്നു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ വാർത്ത. എഫ് വൺ ലോകത്തെ ഏറ്റവും മികച്ച ഡ്രൈവർമാരിൽ ഒരാളായ ഷൂമാക്കർ പഴയ നിലയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കായിക ലോകം.12 വർഷത്തെ പോരാട്ടത്തിനൊടുവിൽ കൈവരിച്ച ആരോഗ്യ പുരോഗതി വൈദ്യശാസ്ത്രപരമായും വ്യക്തിപരമായും വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു.
