കെ.എസ്.ആർ.ടി.സി ലോ ബജറ്റിൽ ബിഗ് ഹിറ്റ്
തൊടുപുഴ: കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാരം സാധ്യമാക്കി കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതി കൊയ്യുന്നത് വൻ നേട്ടം. 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടിയായിരുന്ന ബജറ്റ് ടൂറിസം സെല്ലിന്‍റെ വാർഷിക കലക്ഷൻ 2024-25 ൽ 43 കോടിയിലേക്ക് ഉയർന്നതായി കണക്കുകൾ. കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്‍റെ ഭാഗമായി 2021 നവംബർ ഒന്ന് മുതൽ ബജറ്റ് ടൂറിസം സെൽ രൂപീകരിച്ച് ആരംഭിച്ച പദ്ധതിയാണ് വരുമാന വർധനവ് ഉണ്ടാക്കുന്നത്.
തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിലുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവിസ്, മൂന്നാറിലെ റോയൽ വ്യൂ ഗ്ലാസ് ടോപ്പ് ഡബിൾ ഡക്കർ, കൊച്ചി ഡബിൾ ഡക്കർ സിറ്റി ടൂർ, വിദ്യാർഥികൾക്കായി വിനോദവും വിജ്ഞാനവും കോർത്തിണക്കിയ ട്രാവൽ ടു ടെക്നോളജി പാക്കേജുകൾ, തീർഥാടന ടൂറിസം പാക്കേജുകൾ, അന്തർസംസ്ഥാന ടൂറിസം പാക്കേജുകൾ തുടങ്ങിയവയാണ് ബജറ്റ് ടൂറിസത്തിലെ ആകർഷണങ്ങൾ.
കഴിഞ്ഞ ഡിസംബറിൽ ചരിത്ര നേട്ടവും സ്വന്തമാക്കി. ഒരുമാസം കൊണ്ട് 5.51 കോടി രൂപയുടെ വരുമാനമാണ് കോർപറേഷന് ലഭിച്ചത്. പദ്ധതി ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയർന്ന മാസവരുമാനമാണിത്. 2024 മാർച്ചിൽ ആരംഭിച്ച തിരുവനന്തപുരം നഗരക്കാഴ്ചയിലൂടെ 1191 സർവിസുകളിലായി 2.77 കോടിയുടെ വരുമാനം നേടാനായപ്പോൾ 2025 ഫെബ്രുവരിയിൽ ആരംഭിച്ച മൂന്നാർ റോയൽ വ്യൂ ഗ്ലാസ് ടോപ്പ് ഡബിൾ ഡക്കർ ബസ് 1.18 കോടിയുടെ വരുമാനം നേടി കുതിപ്പ് തുടരുകയാണ്. സർക്കാറിന്‍റെ വിവിധ വകുപ്പുകളും ഏജൻസികളുമായും ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ ടൂർ പാക്കേജുകൾ കെ.എസ്.ആർ.ടി.സി നടപ്പാക്കിവരുന്നത്.
വിനോദ സഞ്ചാരത്തിനായി നിലവിൽ ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി കെ.എസ്.ആർ.ടി.സിയുടെ എല്ലാ യൂനിറ്റുകളിൽ നിന്നുമായി പ്രതിമാസം ശരാശരി 525 ട്രിപ്പുകൾ നടത്തി വരുന്നുണ്ട്. സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഡീലക്സ് ബസുകളാണ് ടൂറിസത്തിന് ഉപയോഗിക്കുന്നത്. പച്ചയും മഞ്ഞയും നിറത്തിലുള്ള പുതിയ 150 ബസുകളും ടൂറിസത്തിനായി അനുവദിച്ചിട്ടുണ്ട്. ഇവയിൽ പലതും ഓടിത്തുടങ്ങി.
ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തിൽ ടൂറിസം പദ്ധതികൾ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി കൂടുതൽ അന്തർ സംസ്ഥാന ടൂറിസം കേന്ദ്രങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുന്നതിനായി കർണാടക, തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷനുകളുമായുള്ള ചർച്ച നടക്കുന്നുണ്ട്. ഐ.ആർ.സി.ടി.സിയുമായി സഹകരിച്ച് ഓൾ ഇന്ത്യ ടൂർ പാക്കേജുകൾ ചെയ്യുന്നതിനുള്ള കരാറിന്‍റെ നടപടികളും കെ.എസ്.ആർ.ടി.സി ബജറ്റ് സ്റ്റേ എന്ന പേരിൽ കുറഞ്ഞ ചെലവിൽ താമസ സൗകര്യം ഒരുക്കുന്ന സ്വകാര്യ സംരഭകരുടെ ലോഡ്ജ്, ഹോം സ്റ്റേ, ഡോർമിറ്ററികളുമായി സഹകരിച്ച് പ്രവർത്തിത്തിക്കുന്ന പദ്ധതിക്കും അന്തിമ രൂപം നൽകി വരികയാണെന്ന് അധികൃതർ അറിയിച്ചു.
