‘ഇതാണോ ഗുണനിലവാരമുള്ള വിദ്യാഭ്യാസം?’; മുസ്ലീം വിദ്യാർത്ഥിയെ സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവത്തിൽ സുപ്രീം കോടതി

ഉത്തർപ്രദേശിലെ മുസാഫർനഗറിൽ മുസ്ലീം വിദ്യാർത്ഥിയെ അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠികൾ മുഖത്തടിപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സംഭവം സത്യമാണെങ്കിൽ ലജ്ജാകരവും മനസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും കോടതി.

വിഷയവുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷവിമർശനം നടത്തിയത്. “ഒരു സമൂഹത്തെയാണ് അധ്യാപിക ലക്ഷ്യമിടുന്നത്. അധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന രീതി ഇതാണോ? ഇതാണോ ഗുണനിലവാരമുള്ള വിദ്യാഭ്യാസം? ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനം ഏറ്റെടുക്കണം…കുട്ടിക്ക് വേണ്ടി സ്കൂൾ ഏതെങ്കിലും കൗൺസിലറെ നിയമിച്ചിട്ടുണ്ടോ? ഈ സംഭവം നടന്നിട്ടുണ്ടെങ്കിൽ അത് സംസ്ഥാനത്തിന്റെ മനഃസാക്ഷിയെ നടുക്കേണ്ടതാണ്. ഇത് ഗുരുതരമായ പ്രശ്നമാണ്,” ബെഞ്ച് പറഞ്ഞു.

വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാരിന്റെ പരാജയമാണ് ഈ സംഭവം പ്രഥമദൃഷ്ട്യാ തെളിയിക്കുന്നത്. ഒരു കുട്ടി പ്രത്യേക മതത്തിൽപ്പെട്ട ആളായത്‌ കൊണ്ട്‌ അടിക്കാനുള്ള നിർദേശം നൽകാമെന്നാണോ? എന്ത്‌ തരത്തിലുള്ള വിദ്യാഭ്യാസമാണ്‌ നിങ്ങൾ കുട്ടികൾക്ക്‌ നൽകുന്നത്‌? നിലവാരമുള്ള വിദ്യാഭ്യാസമെന്ന്‌ പറയുമ്പോൾ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാനുള്ള വിദ്യാഭ്യാസമെന്ന്‌ കൂടി അർഥമുണ്ട്‌. മതത്തിന്റെ പേരിൽ കുട്ടികൾ ആക്രമിക്കപ്പെടുന്ന സ്കൂളുകളിൽ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പായും ലഭിക്കില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.

ഉത്തർപ്രദേശ് പൊലീസ് കേസ് കൈകാര്യം ചെയ്ത രീതിയിലും കോടതി എതിർപ്പ് പ്രകടിപ്പിച്ചു. ‘കുട്ടിയുടെ അച്ഛന്റെ മൊഴിയിൽ മതത്തിന്റെ പേരിലാണ്‌ ആക്രമണമുണ്ടായതെന്ന്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. എന്നാൽ, അക്കാര്യം എഫ്‌ഐആറിൽ രേഖപ്പെടുത്തിയില്ല. എന്തുകൊണ്ടാണ്‌ അക്കാര്യം വിട്ടുകളഞ്ഞത്‌?’– കോടതി ചോദിച്ചു. സംഭവത്തിന്‌ വർഗീയനിറം കൊടുക്കുന്നത്‌ ശരിയല്ലെന്ന്‌ ഉത്തർപ്രദേശ്‌ സർക്കാരിന്‌ വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർജനറൽ തുഷാർമെഹ്‌ത വാദിച്ചെങ്കിലും കോടതി ആ വാദം തള്ളി. ഒക്ടോബർ 30 ന്‌ കേസ്‌ കോടതി വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *