ക്ഷേത്രത്തിൽ നിന്നും ആഭരണങ്ങൾ മോഷ്ടിച്ചു; ബി.ജെ.പി നേതാവ് അറസ്റ്റിൽ


കോട്ടയം: നീണ്ടൂർ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽനിന്ന് സ്വർണമാലയും വെള്ളിയാഭരണങ്ങളും കവർന്ന കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിലായി. നീണ്ടൂർ സ്വദേശി സനൽ നമ്പൂതിരിപ്പാടിനെയാണ് (45) ഏറ്റുമാനൂർ പോലീസ് പിടികൂടിയത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്.

ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പൂജാരി ശ്രീകോവിലിൽനിന്നു പുറത്തിറങ്ങിയ തക്കംനോക്കി അകത്തുകയറിയ പ്രതി സ്വർണമാലയും വെള്ളി അങ്കിയും വെള്ളിമാലയും കൈക്കലാക്കുകയായിരുന്നു. മോഷണം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ക്ഷേത്ര ഭാരവാഹികൾ പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന സനൽ മണ്ഡലം പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.