"എന്നെ തല്ലുമ്പോൾ ഉമ്മ നോക്കിനിൽക്കും… ഉറക്കിൽ നിന്ന് എഴുന്നേൽപ്പിച്ച് തല്ലി.."; കുട്ടികൾക്ക് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ



കാസർകോട്: ആറും 13ഉം വയസ്സുള്ള കുട്ടികള്‍ക്ക് രണ്ടാനച്ഛന്‍റെ ക്രൂര മർദ്ദനം. രാത്രി ആറുവയസ്സുള്ള കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നു. തന്നെ തല്ലുമ്പോൾ ഉമ്മ നോക്കിനിൽക്കുകയായിരുന്നുവെന്നും ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചാണ് തല്ലിയതെന്നും കുട്ടി പറഞ്ഞു. സംഭവത്തിൽ രണ്ടാനച്ഛനെ കാഞ്ഞങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ തന്നെയും രണ്ടാനച്ഛൻ നിരന്തരം മർദ്ദിക്കാറുണ്ടെന്ന് ജേഷ്ഠസഹോദരൻ 13 വയസ്സുകാരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തുകായിരുന്നു. തങ്ങളെ നിരന്തരം മർദ്ദിക്കാറുണ്ടെന്നും ഐസ് കട്ട കൊണ്ട് മുഖത്ത് കുത്തിയെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ മുഖത്ത് മർദ്ദനമേറ്റ പാടുകളുമുണ്ട്. കാരണമൊന്നുമില്ലാതെയാണ് തങ്ങളെ മർദ്ദിക്കുന്നതെന്നും കുട്ടി വ്യക്തമാക്കി. പിതാവിന്‍റെ കൂടെ താമസിക്കുകയായിരുന്ന കുട്ടികളെ നാലുമാസം മുമ്പാണ് കോടതി മുഖാന്തരം മാതാവ് ഏറ്റെടുതത്ത്. കുട്ടികളുടെ പിതാവും മാതാവും മൂന്നുവർഷംമുമ്പ് വിവാഹമോചനം നേടിയതാണ്. പിന്നീട് മാതാവ് മറ്റൊരാളെ വിവാഹം കഴിച്ചു. ശേഷം കുട്ടികളെ വിട്ടുകൊടുക്കുന്നില്ലെന്ന് കാണിച്ച് മാതാവ് കോടതിയെ സമീപിക്കുകയും കുട്ടികളെ ഏറ്റെടുക്കുകയുമായിരുന്നു.

കഴിഞ്ഞദിവസം ആറുവയസ്സുള്ള കുട്ടിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ അയൽവാസി പൊലീസിന് അയച്ചു കൊടുക്കുകയായിരുന്നു. ഇതോടെ പൊലീസ് സ്ഥലത്തെത്തുകയും പിതാവിനെ വിളിച്ചുവരുത്തുകയും ചെയ്തു. കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് പുറത്തിറങ്ങി നോക്കിയതായിരുന്നു അയൽവാസി. ആറുവയസ്സുകാരനെ മർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് മൊബൈലിൽ പകർത്തി പൊലിസിന് അയച്ചുകൊടുക്കുകയുമായിരുന്നു.

കുട്ടിയുടെ മുടി കുത്തിപ്പിടിക്കുന്നതും ശക്തമായി അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടികളെ പൊലീസ് പിതാവിനൊപ്പമയച്ചു. രണ്ടാനച്ഛൻ മയക്കുരമുന്നിന് അടിയാണെന്നും കുട്ടികളെ അവരുടെ മാതാവിനൊപ്പം അയക്കുന്നതിനെ താൻ എതിത്തിരുന്നുവെന്നും പിതാവ് പറഞ്ഞു. മൂന്ന് കുട്ടികളാണ് ഇവർക്കുള്ളത്. എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയും മാതാവിനൊപ്പമുണ്ടായിരുന്നു. ഈ കുട്ടിക്കടക്കം മർദ്ദമേറ്റിരുന്നോ എന്നതടക്കം വിശദമായി അന്വേഷിക്കുകയാണ് പൊലീസ്. സംഭവത്തിൽ മാതാവിന് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.