കാലിക്കറ്റ് എഫ്.സിയെ വീഴ്ത്തി ഗോകുലം കേരള കെ.പി.എൽ ചാമ്പ്യന്മാർ

തൃശൂർ: ശക്തമായ മഴയെ വകവയ്ക്കാതെ കോർപറേഷൻ സ്റ്റേഡിയത്തിൽ പെയ്തിറങ്ങിയ ഗോൾമഴയിൽ കാലിക്കറ്റ് എഫ്.സിയെ വീഴ്ത്തി ഗോകുലം കേരള എഫ്.സിക്ക് കേരള പ്രീമിയർ ലീഗ് (കെ.പി.എൽ 2025-26) കിരീടം. ഞായറാഴ്ച രാത്രി നടന്ന കലാശപ്പോരാട്ടത്തിൽ കന്നി സീസണിനിറങ്ങിയ കാലിക്കറ്റിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് (3-2) പരാജയപ്പെടുത്തിയാണ് ഗോകുലം തങ്ങളുടെ മൂന്നാം കെ.പി.എൽ കിരീടത്തിൽ മുത്തമിട്ടത്. അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗോകുലം വീണ്ടും കേരളത്തിന്റെ ഫുട്ബോൾ രാജാക്കന്മാരാകുന്നത്.
മത്സരം തുടങ്ങി ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ഇരട്ട ഗോളുകൾ നേടി മുഹമ്മദ് ബിലാൽ കാലിക്കറ്റിനെ ഞെട്ടിക്കുന്നതാണ് ഫൈനലിൽ കണ്ടത്. രണ്ടാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ മുഹമ്മദ് സിനാൻ നൽകിയ തകർപ്പൻ പാസിൽ നിന്നായിരുന്നു ബിലാലിന്റെ ആദ്യ ഗോൾ. കൃത്യം മൂന്ന് മിനിറ്റിനകം സ്വന്തം ഹാഫിൽ നിന്ന് അമൻ ഗെയ്ക്‌വാദ് നൽകിയ ലോങ് ബോൾ പിടിച്ചെടുത്ത് ബിലാൽ വീണ്ടും കാലിക്കറ്റ് വല കുലുക്കി.
മുപ്പത്തിയേഴാം മിനിറ്റിൽ അമീനിലൂടെ ഒരു ഗോൾ മടക്കി കാലിക്കറ്റ് മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ നൽകി. എന്നാൽ, 72-ാം മിനിറ്റിൽ മുഹമ്മദ് സിനാൻ ഗോകുലത്തിന്റെ മൂന്നാം ഗോളും നേടി ലീഡ് 3-1 ആയി ഉയർത്തി. തുടർന്ന് ഇഞ്ചുറി ടൈമിൽ (90+4) പകരക്കാരനായി ഇറങ്ങിയ റിഫാത്ത് റംസാൻ കോർണർ കിക്കിൽ നിന്ന് ഹെഡറിലൂടെ കാലിക്കറ്റിനായി ഒരു ഗോൾ കൂടി മടക്കിയെങ്കിലും ഫലം മാറ്റിയെഴുതാൻ അത് മതിയാകുമായിരുന്നില്ല.
ഐ-ലീഗ് സീസണിലെ മോശം ഫോമിന് കെ.പി.എൽ കിരീടത്തോടെ പ്രായശ്ചിത്തം ചെയ്യാനാണ് ഗോകുലത്തിന് കഴിഞ്ഞത്. മാർച്ച് എട്ടിന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് എഫ്.സിയോടേറ്റ പരാജയത്തിന് (1-0) ഫൈനലിൽ അതേ നാണയത്തിൽ മറുപടി നൽകാനും ഇതിലൂടെ മലബാറിയൻസിനായി. 2017-18, 2020-21 സീസണുകളിലായിരുന്നു ഇതിനുമുൻപ് ഗോകുലം കെ.പി.എൽ ചാമ്പ്യന്മാരായത്. മത്സരശേഷം നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് വിജയികളായ ഗോകുലം കേരള എഫ്.സിക്ക് ചാമ്പ്യൻഷിപ്പ് ട്രോഫി സമ്മാനിച്ചു. ജെബി മേത്തർ എം.പി, തൃശൂർ കോർപ്പറേഷൻ മേയർ നിജി ജസ്റ്റിൻ, കെ.എഫ്.എ, ഡി.എഫ്.എ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
