‘ചെയ്യാത്ത കുറ്റങ്ങള്‍ക്ക് മെമ്മോ നല്‍കി, തുറന്ന സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താന്‍ നിര്‍ദേശിച്ചു’; ഉന്നത ഉദ്യോഗസ്ഥനെതിരെ പൊലീസുകാരന്‍

ക്രൂരമായ മാനസിക പീഡനത്തിന് താന്‍ ഇരയായെന്ന് കൈഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തിയ എസ്എപി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ട്വന്റിഫോറിനോട്. ചെയ്യാത്ത കുറ്റങ്ങള്‍ക്ക് മെമോ എഴുതി നല്‍കിയതില്‍ ഉള്‍പ്പെടെ മനംനൊന്താണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് പൊലീസുകാരന്‍ പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ താന്‍ മോശക്കാരനാണെന്ന് ചിത്രീകരിച്ചു. തുറന്ന സ്ഥലത്ത് മലമൂത്രവിസര്‍ജനം ചെയ്യാന്‍ നിര്‍ദേശിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ആരോപിച്ചു.

അസിസ്റ്റന്റ് കമാന്‍ഡന്റ് ടി കെ ഗണേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ഉദ്യോഗസ്ഥന്റെ ആരോപണങ്ങള്‍. താന്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ വൈരാഗ്യം മനസില്‍ വച്ച് പെരുമാറുന്നത് പോലെയാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് പൊലീസുകാരന്‍ പറയുന്നു. ചെറിയ കാര്യങ്ങള്‍ക്ക് വരെ മാനസികമായി പീഡിപ്പിച്ചു. തനിക്ക് മാനസിക രോഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വരെ ശ്രമിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പൊലീസുകാരന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നത്. പ്രാക്ടീസിനിടയില്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ ലീവെടുത്ത് പോകാനാണ് പറഞ്ഞതെന്ന് ഉദ്യോദസ്ഥന്‍ വെളിപ്പെടുത്തുന്നു. തനിക്കൊപ്പമുള്ള മറ്റുള്ളവര്‍ക്ക് ഇതെല്ലാം തുറന്ന് പറയാന്‍ ഭയമാണെന്നും ഇപ്പോള്‍ മാത്രമാണ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *