രക്ഷകൻ മാർട്ടിനെല്ലി, 95ാം മിനിറ്റിൽ വിജയഗോൾ; ജപ്പാനെ വീഴ്ത്തി ബ്രസീൽ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ

ഹൂസ്റ്റൺ: ലോകകപ്പ് റൗണ്ട് ഓഫ് 32ലെ ആവേശപ്പോരിൽ ജപ്പാനെ വീഴ്ത്തി മുൻ ചാമ്പ്യന്മാരായ ബ്രസീൽ പ്രീ-ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാനറികളുടെ വിജയം.
പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ മാർട്ടിനെല്ലി 95ാം മിനിറ്റിലാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽപോയ ബ്രസീൽ, ഇടവേളക്കുശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് വിജയമുറപ്പിച്ചത്. മത്സരത്തിന്റെ 29ാം മിനിറ്റിൽ കെയ്ഷു സനോയിലൂടെ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. ഇടവേളക്കുശേഷം കാസെമിറോ (56) ബ്രസീലിനായി ഗോൾ മടക്കി. മത്സരം അധിക സമയത്തേക്ക് പോകുമെന്ന് തോന്നിപ്പിച്ച സമയത്താണ് മാർട്ടിനെല്ലി ടീമിന്റെ രക്ഷകനായി അവതരിക്കുന്നത്. ബോക്സിനു തൊട്ടു വെളിയിൽനിന്ന് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബ്രൂണോ ഗ്യുമറേസ് ഗോൾ മുഖത്തേക്ക് നൽകിയ പന്താണ് താരം വലയിലാക്കിയത്.
മത്സരത്തിൽ പന്തടക്കത്തിലും ഗോൾ ശ്രമങ്ങളിലും ബ്രസീലിനു തന്നെയായിരുന്നു മേധാവിത്വം. മൈതാനത്തിന്റെ മധ്യത്തിൽനിന്ന് ഡാനിലോ നൽകിയ ഒരു മോശം പാസ് തട്ടിയെടുത്ത് സനോ നടത്തിയ ഒറ്റയാൾ കുതിപ്പാണ് ജപ്പാന് ലീഡ് നേടികൊടുത്തത്. കാസെമിറോയെയും മറികടന്നെത്തി ബോക്സിനു തൊട്ടുമുന്നിൽനിന്ന് തൊടുത്ത ഒരു ലോ ഡ്രൈവ് ഷോട്ട് അലിസൺ ബെക്കറെയും നിസ്സഹായനാക്കി വലയിൽ. അതുവരെ ആർത്തുവിളിച്ച സ്റ്റേഡിയത്തിലെ മഞ്ഞക്കടൽ സ്തബ്ധമായി. ആദ്യ 15 മിനിറ്റിൽ പന്തടക്കത്തിൽ 72 ശതമാനവും ബ്രസീലായിരുന്നു.
1-0 എന്ന സ്കോറിനാണ് ആദ്യ പകുതി അവസാനിച്ചത്. ഇടവേളക്കുശേഷം ലൂക്കാസ് പക്വേറ്റയെ പിൻവലിച്ച് യുവതാരം എൻഡ്രിക്കിനെ കളത്തിലിറക്കി. ബ്രസീൽ ആക്രമണവും കടുപ്പിച്ചു. പിന്നാലെ ഗോളെന്നുറപ്പിച്ച ബ്രസീലിന്റെ രണ്ടു സുവർണാവസരങ്ങളാണ് നിർഭാഗ്യം കൊണ്ട് തട്ടിതെറിച്ചത്. 52ാം മിനിറ്റിൽ ബ്രൂണോ ഗ്യുമറേസിന്റെ ഒരു കിടിലൻ ഹെഡ്ഡർ ജപ്പാൻ ഗോൾ കീപ്പർ സുസൂക്കി തട്ടിയകറ്റി. ഡാനിലോയാണ് ബോക്സിനുള്ളിലേക്ക് പന്ത് ഉയർത്തി നൽകിയത്. തൊട്ടുപിന്നാലെ ക്ലോസ് റേഞ്ചിൽനിന്നുള്ള കാസെമിറോയുടെ ഹെഡ്ഡർ ജപ്പാൻ പ്രതിരോധ താരങ്ങൾ രക്ഷപ്പെടുത്തി.
ഒടുവിൽ കാനറികളുടെ ആക്രമണ ഫുട്ബാളിനു ഫലംകിട്ടി. 56ാം മിനിറ്റിൽ കാസെമിറോ ഒരു കിടിലൻ ഹെഡ്ഡറിലൂടെ ടീമിനെ ഒപ്പമെത്തിച്ചു. പ്രതിരോധ താരം ഗബ്രിയേൽ ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ ക്രോസാണ് താരം ഹെഡ്ഡറിലൂടെ വലയിലാക്കിയത്. 58ാം മിനിറ്റിൽ വിനീഷ്യസ് പ്രതിരോധ താരങ്ങളെയും ഡ്രിബ്ൾ ചെയ്ത് നടത്തിയ കുതിപ്പിനൊടുവിൽ തൊടുത്ത ഷോട്ട് ഗോളിയുടെ കൈയിൽ തട്ടി പോസ്റ്റിലും ഇടിച്ച് തെറിച്ചു. ഒരുപക്ഷേ, അത് വലയിൽ കയറിയിരുന്നെങ്കിൽ ഈ ലോകകപ്പിലെ മനോഹരമായ ഗോളുകളിലൊന്നാകുമായിരുന്നു.
65ാം മിനിറ്റിൽ കുൻഹയെ പിൻവലിച്ച് മാർട്ടിനെല്ലി എത്തി. ജപ്പാൻ ബോക്സിനകത്ത് ബ്രസീൽ തുടരാക്രമണങ്ങളുമായി കളംനിറഞ്ഞു. പ്രതിരോധിക്കാൻ ജപ്പാനും ഏറെ പ്രയാസപ്പെട്ടു. ഇതിനിടെ ജപ്പാൻ രണ്ടു മാറ്റങ്ങൾ വരുത്തി. അവസാന മിനിറ്റിൽ ഗോൾ മടക്കാനുള്ള ബ്രസീൽ നീക്കം ഫലം കണ്ടു. ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ മാർട്ടിനെല്ലിയുടെ ഗോൾ. ബ്രസീൽ 2-1ന് മത്സരം സ്വന്തമാക്കി. പ്രീ ക്വാർട്ടറിൽ നോർവെ-ഐവറി കോസ്റ്റ് മത്സരത്തിലെ വിജയികളെയാണ് ബ്രസീൽ നേരിടുക.
2006 ജർമനി ലോകകപ്പിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ പിന്നിൽ നിന്ന ശേഷമാണ് ജപ്പാനെ ബ്രസീൽ (1–4) തകർത്തത്. നേരത്തെ, 14ാം മിനിറ്റിൽ ബോക്സിന്റെ എഡ്ജിൽനിന്നുള്ള കുൻഹയുടെ ലോ ഡ്രൈവ് ഷോട്ട് ജപ്പാൻ ഗോളി സിയോൻ സുസൂക്കി തട്ടിയകറ്റി. 16ാം മിനിറ്റിൽ ബോക്സിനു തൊട്ടു വെളിയിൽനിന്ന് ജപ്പാൻ താരം ജുന്യ ഇറ്റോയെ ഫൗൾ ചെയ്തതിന് കാസെമിറോക്ക് മഞ്ഞ കാർഡ്. ബ്രസീൽ പ്രീ ക്വാർട്ടിലേക്ക് കടന്നാൽ കാസെമിറോക്ക് അടുത്ത മത്സരം നഷ്ടമാകും. ഈ ഫ്രീകിക്ക് ജപ്പാന് മുതലെടുക്കാനായില്ല. ക്രിസ്റ്റൽ പാലസിന്റെ ഡെയ്ചി കമാഡയുടെ ഷോട്ട് ബ്രസീൽ പ്രതിരോധ മതിലിൽ തട്ടി തെറിച്ചു. ആദ്യ പകുതിയിൽ ജപ്പാന്റെ തന്ത്രങ്ങൾ ഫലം കാണുന്നതാണ് കണ്ടത്. താഴേക്കിറങ്ങി പ്രതിരോധം തീർക്കുന്ന ജപ്പാനു മുന്നിൽ കാനറികൾ വഴി കണ്ടെത്താൻ ഏറെ പ്രയാസപ്പെടുകയാണ്. അഞ്ചു താരങ്ങളാണ് ഒരേ സമയം പ്രതിരോധിക്കുന്നത്. അതിനു തൊട്ടു മുന്നിലായി നാലുപേരും.
