ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ കണ്ടെത്തി

എറണാകുളം: ആലുവയില്‍ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ 12കാരിയെ കണ്ടെത്തി. പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 8.30നാണ് കുട്ടിയെ കാണാതായത്.
തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. കേരളത്തില്‍ നിന്ന് പൂനെയിലേക്ക് തിരിച്ച പൊലീസ് സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.
നേരത്തെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു.
കൂട്ടുകാരിയില്‍ നിന്ന് പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതാകുമ്പോള്‍ അമ്മയുടെ മൊബൈല്‍ ഫോണ്‍ കുട്ടിയുടെ കൈവശമുണ്ടായിരുന്നു.
ഫോണ്‍ ആദ്യം സ്വിച്ച് ഓഫ് ആയിരുന്നുവെന്നും പിന്നീട് ഇത് ഓണായെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ആദ്യം കാസർകോട്, പിന്നീട് മംഗലാപുരം തുടര്‍ന്ന് മുംബൈ എന്നിവിടങ്ങളില്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയിരുന്നു.
