ലോകകപ്പിനിടെ മെസ്സിയെ ചാവേറാക്രമണത്തിൽ വധിക്കാൻ പദ്ധതിയിട്ടു? പൊലീസ് രഹസ്യ രേഖകൾ പുറത്ത്

ന്യൂയോർക്ക്: ഫിഫ ലോകകപ്പിനിടെ അർജന്‍റൈൻ ഇതിഹാസ താരം ലയണൽ മെസ്സിയെ വധിക്കാൻ ലക്ഷ്യമിട്ട് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി വെളിപ്പെടുത്തൽ. പൊലീസിന്‍റെ രഹസ്യ രേഖകളിലാണ് ഇക്കാര്യം പറയുന്നത്.

സ്പാനിഷ് പത്രം Informacion.es ആണ് ഈ വിവരങ്ങൾ ആദ്യം പുറത്തുവിട്ടത്. ടൂർണമെന്റിലുടനീളം താരങ്ങൾക്കും റഫറിമാർക്കും ഒഫീഷ്യലുകൾക്കും എതിരായി നടന്ന ബോംബ് ഭീഷണികൾ, അതിക്രമങ്ങൾ, ഓൺലൈൻ അധിക്ഷേപങ്ങൾ എന്നിവയാണ് പൊലീസിന്‍റെ ഈ രേഖയിലുള്ളത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവ സംയുക്തമായി ആതിഥേയത്വം വഹിച്ച ലോകകപ്പിൽ അതീവ സുരക്ഷ വിഭാഗത്തിലാണ് മെസ്സി ഉൾപ്പെടെയുള്ള അർജന്‍റീന ടീം ഉൾപ്പെട്ടിരുന്നതെന്ന് സ്പാനിഷ് പത്രം പറയുന്നു. ജോർഡനുമായുള്ള ഗ്രൂപ്പ് മത്സരത്തിനിടെയാണ് മെസ്സിക്കുനേരെ ആദ്യ വധ ഭീഷണി ഉണ്ടാകുന്നത്.

സ്റ്റേഡിയത്തിലേക്ക് വീട്ടുനിർമിത ബോംബുമായും എ.ആർ -15 തോക്കുമായി മൂന്നംഗ സംഘം അതിക്രമിച്ചു ക‍ടക്കാൻ പോകുകയാണെന്നും മെസ്സി ഉൾപ്പെടെയുള്ള താരങ്ങളെയും പൊലീസുകാരെയും ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തി ഡല്ലാസ് വിമാനത്താവളത്തിലേക്കാണ് അജ്ഞാത ഭീഷണി ഫോൺ എത്തിയത്. ജൂലൈ ഏഴിന് അറ്റ്‌ലാൻഡയിൽ നടന്ന അർജന്റീന-ഈജിപ്ത് മത്സരത്തിനിടെയും ഭീഷണി സന്ദേശം എത്തി. ശരീരത്തിൽ നാലു ബോംബുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും സ്റ്റേഡിയത്തിൽ കടന്ന് മെസ്സിയെ വധിക്കും എന്നുമായിരുന്ന എക്സിലെ പോസ്റ്റ്. ഇതേ മത്സരത്തിനു മുമ്പ് മറ്റൊരു ഭീഷണി സന്ദേശവും പൊലീസിന് ലഭിച്ചു.

സ്റ്റേഡിയത്തിന് ചുറ്റുമുള്ള ചവറുകൊട്ടകളിൽ മൂന്ന് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. തുടർന്ന് ബോംബ് സ്ക്വാഡും പ്രത്യേക ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. എഫ്.ബി.ഐയും സെന്റർ ഫോർ ഇന്റർനാഷനൽ പൊലീസ് കോഓപറേഷനും അടങ്ങിയ സംയുക്ത സുരക്ഷാ സേനയാണ് ടൂർണമെന്റിലുടനീളം കളിക്കാർക്കും മാച്ച് ഒഫീഷ്യലുകൾക്കും അവരുടെ കുടുംബങ്ങൾക്കും എതിരായി ഭീഷണികളും അക്രമണങ്ങളും അന്വേഷിച്ചത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഭീഷണി സന്ദേശങ്ങൾ വന്നത് മെസ്സിക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കുനേരെയും ഒന്നിലധികം തവണ സുരക്ഷ ഭീഷണി നേരിട്ടിരുന്നു. ടൂർണമെന്റിൽ റൊണാൾഡോ താമസിച്ചിരുന്ന സ്ഥലം സംബന്ധിച്ച് വിവരങ്ങൾ തേടി “സംശയാസ്പദമായ ഒരാൾ” സമീപിച്ചതായി ഒരു ഫിഫ ജീവനക്കാരൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഹൂസ്റ്റൺ, ടൊറന്റോ, മയാമി എന്നിവിടങ്ങളിൽ പോർചുഗീസ് താരത്തിന്‍റെ അരികിലേക്ക് ആരാധകർ അതിക്രമിച്ചുകയറാൻ ശ്രമിച്ച നിരവധി സംഭവങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ടീം താമസിക്കുന്ന ഹോട്ടലിൽ അതിക്രമിച്ചു കയറി ക്രിസ്റ്റ്യാനോക്കൊപ്പം ലിഫ്റ്റിൽ കയറാൻ ശ്രമിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പോർചുഗൽ നായകനോടൊപ്പം ഒരു സെൽഫി എടുക്കാൻ മാത്രമാണ് താൻ ആഗ്രഹിച്ചതെന്ന് പിന്നീട് ആ വ്യക്തി പൊലീസിനോട് വെളിപ്പെടുത്തി.

അർജന്റീന-ഈജിപ്ത് മത്സരത്തിന് ശേഷം ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റെക്യറിന് വാട്സാപ്പിൽ 6,000ത്തിലധികം വധഭീഷണികൾ ലഭിച്ചതായി പറയുന്നു. വീഡിയോ അസിസ്റ്റന്റ് റഫറി വില്ലി ഡെലാജോഡിനും സമാനമായ രീതിയിൽ അധിക്ഷേപ സന്ദേശങ്ങളും വധഭീഷണികളും ലഭിച്ചു. പരാഗ്വെക്കെതിരായ മത്സരത്തിനുശേഷം ഫ്രഞ്ച് മുന്നേറ്റനിര താരം കിലിയൻ എംബാപ്പെയ്ക്കെതിരെ ഓൺലൈൻ വഴി വംശീയാധിക്ഷേപം നടന്നു.

നോർവീജിയൻ സ്ട്രൈക്കർ അലക്സാണ്ടർ സോർലോത്ത് ഗോൾ അവസരം പാഴാക്കിയതിന് പിന്നാലെ അദ്ദേഹത്തിനും ഭാര്യക്കും ഭീഷണികൾ ലഭിച്ചതായും റിപ്പോർട്ടുണ്ട്. കൊളംബിയൻ താരം ജാമിന്റൺ കാമ്പാസ് പെനാൽറ്റി നഷ്ടപ്പെടുത്തിയതിനു പിന്നാലെ ഭീഷണി നേരിട്ടിരുന്നു. ഇതുകാരണം ദേശീയ ടീമിനൊപ്പം താരം നാട്ടിലേക്ക് പോയിരുന്നില്ല.