അപൂർവ അതിഥിയായി ഇളം പാറക്കുരുവി; കോഴിക്കോട് ആദ്യ സാന്നിധ്യം

കോഴിക്കോട്: അപൂർവമായി ഇന്ത്യയിലെത്തുന്ന ദേശാടന പക്ഷിയായ ഇളം പാറക്കുരുവിയെ (Pale Rock Finch) കോഴിക്കോട് കണ്ടെത്തി. കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് പക്ഷിയെ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശികളായ പക്ഷിനിരീക്ഷക ദമ്പതികളായ അനീഷ് എം.സിയും ഭാര്യ വിനീതയുമാണ് പക്ഷിയെ കണ്ടെത്തിയത്.
ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും വരണ്ട മലമ്പ്രദേശങ്ങളാണ് ഇളം പാറക്കുരുവിയുടെ പ്രധാന ആവാസമേഖല. വേനൽക്കാലത്ത് തുർക്കി, അർമേനിയ, ഇറാൻ, തുർക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ വരണ്ട പാറക്കെട്ടുകൾ നിറഞ്ഞ മലനിരകളിലാണ് ഇവ പ്രധാനമായും പ്രജനനം നടത്തുന്നത്.
പ്രജനനകാലം കഴിഞ്ഞാൽ ഇവ ദേശാടനത്തിന് പുറപ്പെടും. ഇന്ത്യയിലേക്ക് ഇളം പാറക്കുരുവി സാധാരണയായി എത്താറില്ല. എന്നാൽ വഴിതെറ്റിയെത്തുന്ന അതിഥി പക്ഷികളായി (vagrants) രാജ്യത്ത് അപൂർവമായി ഇവയെ രേഖപ്പെടുത്താറുണ്ട്.
കേരളത്തിൽ ഇളം പാറക്കുരുവിയുടെ സാന്നിധ്യം ആദ്യമായി രേഖപ്പെടുത്തിയത് 2019 ഒക്ടോബറിലാണ്. കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിലാണ് പക്ഷിയെ കണ്ടെത്തിയത്.
കോഴിക്കോട് ആദ്യമായാണ് ഇളം പാറക്കുരുവിയെ കണ്ടെത്തുന്നതെന്നാണ് പക്ഷിനിരീക്ഷകർ പറയുന്നത്. കാപ്പാട് കടപ്പുറത്ത് കണ്ടെത്തിയ പക്ഷിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ട്.
വരണ്ട പാറപ്രദേശങ്ങളിൽ ജീവിക്കാൻ അനുയോജ്യമായ ശരീരഘടനയും സ്വഭാവവുമുള്ള ഈ പക്ഷി സാധാരണയായി പ്രജനനമേഖലകളിലാണ് കാണപ്പെടുന്നത്. അതിനാൽ കേരളം പോലുള്ള പ്രദേശങ്ങളിൽ ഇവയുടെ സാന്നിധ്യം അപൂർവമാണ്. വഴിതെറ്റിയെത്തുന്നതോ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉൾപ്പെടെയുള്ള സ്വാഭാവിക കാരണങ്ങളാലോ ഇത്തരം പക്ഷികൾ സാധാരണ ആവാസമേഖലയിൽനിന്ന് മാറി എത്താറുണ്ട്.
