എല്ലാ മതങ്ങളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പുരുഷാധിപത്യം; ഒരു മതത്തെ മാത്രം കുറ്റപ്പെടുത്തരുതെന്ന് കെ. സച്ചിദാനന്ദൻ

തൃശൂർ: സ്ത്രീകളെ അടിച്ചമർത്താനും ഒതുക്കാനുമുള്ള നീക്കങ്ങളും പുരുഷാധിപത്യ പ്രവണതയും ഒരു പ്രത്യേക മതത്തിന്റെ മാത്രം കുത്തകയല്ലെന്നും, എല്ലാ മതങ്ങളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും അത് നിലനിൽക്കുന്നുണ്ടെന്നും പ്രമുഖ എഴുത്തുകാരൻ കെ. സച്ചിദാനന്ദൻ. സ്ത്രീകളുടെ പൊതുരംഗ പ്രവേശനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ പരാമർശങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ചും അവർ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ചും വിലക്കുകൾ ഏർപ്പെടുത്തുന്ന മതനേതാക്കളുടെ നിലപാടുകൾ തികച്ചും തെറ്റാണ്. എന്നാൽ, ഇത്തരം വിഷയങ്ങൾ മുൻനിർത്തി ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒറ്റപ്പെടുത്തി കുറ്റപ്പെടുത്താനോ വിമർശിക്കാനോ മറ്റാർക്കും ധാർമികമായ അവകാശമില്ല. സ്ത്രീവിമോചനം എന്നത് സ്ത്രീകൾ മാത്രം വിചാരിച്ചതു കൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ല’ -സച്ചിദാനന്ദൻ പറഞ്ഞു.

പുരുഷന്മാർ തങ്ങളുടെ കൈവശമുള്ള അധികാരത്തിലും അവകാശങ്ങളിലും വിട്ടുവീഴ്ച ചെയ്യാൻ സ്വയം സന്നദ്ധരാകുകയും, ആ അവകാശങ്ങൾ സ്ത്രീകൾക്ക് കൂടി തുല്യമായി വീതിച്ചു നൽകാൻ തയാറാകുകയും ചെയ്താൽ മാത്രമേ സ്ത്രീവിമോചനം പൂർണമായ അർഥത്തിൽ യാഥാർഥ്യമാകൂ. പുരുഷസമൂഹം അതിന് സ്വയം തയാറായില്ലെങ്കിൽ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ ശക്തമായ സമരങ്ങളിലൂടെ പോരാടി പിടിച്ചെടുക്കുക തന്നെ ചെയ്യുമെന്ന് സച്ചിദാനന്ദൻ മുന്നറിയിപ്പ് നൽകി. ഡൽഹി ജാമിഅ മില്ലിയയിലും ജന്തർ മന്ദറിലും നടന്ന ചരിത്രപരമായ ജനകീയ പ്രക്ഷോഭങ്ങളിൽ പെൺകുട്ടികൾ മുന്നിൽ നിന്ന് ധീരമായി പോരാടിയത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ ഇന്ന് സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജനും രംഗത്തെത്തിയിരുന്നു. സ്വന്തം സ്ഥാപനങ്ങളുടെ പ്രചാരണങ്ങളിൽ സ്ത്രീകളെ അഭിമാനത്തോടെ മുന്നിൽ നിർത്തുകയും എന്നാൽ, പൊതുവേദികളിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നതിനെ എതിർക്കുകയും ചെയ്യുന്ന നിലപാട് കാലത്തിന് ചേർന്നതല്ലെന്നാണ് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചത്.