ഇടുക്കിയിൽ ജലനിരപ്പ് താഴോട്ട്, ഈ മാസം താഴ്ന്നത് രണ്ടര അടി; ആശങ്കയിൽ വൈദ്യുതി വകുപ്പ്

മുട്ടം: ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതിൽ ആശങ്കയിലായി വൈദ്യുതി വകുപ്പ്. ഈ മാസം മാത്രം താഴ്ന്നത് രണ്ടര അടി ജലമാണ്. ഡാമിലെ ജലനിരപ്പ് കുതിച്ചുയരേണ്ട സമയത്താണ് ജലനിരപ്പ് താഴുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. ഒന്നാം തീയതി ഡാമിൽ അവശേഷിച്ചിരുന്നത് 2369.44 അടി ജലം ആയിരുന്നു.

എന്നാൽ, അത് ഇന്നലെ ആയപ്പോൾ 2366.88 ആയി. അങ്ങിങ്ങായി ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കാര്യമായ മഴ പെയ്യുന്നില്ല. ഇന്നലെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പെയ്തത് 5.6 മില്ലിമീറ്റർ മഴ മാത്രമാണ്. ഡാമിലേക്ക് 6.803 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലവും ഒഴുകിയെത്തി.

ഈ മാസം ഇതുവരെ ആകെ ഒഴുകിയെത്തിയത് 109.838 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ്. നിലവിൽ അണക്കെട്ടിൽ അവശേഷിക്കുന്നത് പൂർണ സംഭരണ ശേഷിയുടെ 61 ശതമാനം ജലം മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം അണക്കെട്ടിൽ 74 ശതമാനം ജലം അവശേഷിച്ചിരുന്നു.

വൈദ്യുതി ഉപയോഗം പരമാവധിയിൽ

സെപ്റ്റംബറിൽ സാധാരണ വൈദ്യുതി ഉപയോഗം ശരാശരി 80 മുതൽ 85 ദശലക്ഷം വരെയാണ് ഉണ്ടാവാറുള്ളത്. എന്നാൽ, 99 ദശലക്ഷത്തിന് മുകളിലാണ് ഇത്തവണത്തെ ഉപയോഗം. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ ശരാശരി വൈദ്യുതി ഉപയോഗം 82.99 ദശ ലക്ഷം യൂനിറ്റായിരുന്നുവെങ്കിൽ ഇൗ മാസം അത് 94.23 ദശലക്ഷം യൂനിറ്റാണ്.

അതായത് 15 ശതമാനത്തോളം അധിക ഉപയോഗം ഇത്തവണയുണ്ട്. ഇടുക്കി ഡാമിൽ നിലവിൽ അവശേഷിക്കുന്ന ജലം ഉപയോഗിച്ച് 1309.264 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. നിലവിലെ പ്രതിദിന ശരാശരി ഉപയോഗം 7.59 ദശലക്ഷം യൂനിറ്റാണ്. ഇത്തരത്തിൽ നോക്കിയാൽ 172 ദിവസത്തേക്ക് ആവശ്യമായ ജലം ഡാമിൽ അവശേഷിക്കുന്നുണ്ട്.