ബിജെപിയിൽ ചേർന്ന് മത്സരിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആവശ്യപ്പെട്ടു; ഗ്യാനേഷ് കുമാറിനെതിരെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. സർവീസിൽ നിന്ന് വിരമിച്ച ശേഷം ബി.ജെ.പി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗ്യാനേഷ് കുമാർ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്.
ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്ന വലിയ വാഗ്ദാനവും ഗ്യാനേഷ് കുമാർ അന്ന് തനിക്ക് നൽകിയിരുന്നതായി ജിജി തോംസൺ വ്യക്തമാക്കി. 2016-ൽ ഇരുവരും ഒന്നിച്ച് ഡൽഹിയിലേക്ക് നടത്തിയ ഒരു വിമാനയാത്രയ്ക്കിടയിലായിരുന്നു ഈ സംഭാഷണം നടന്നത്. ചീഫ് സെക്രട്ടറി സ്ഥാനത്ത് സർവീസിലിരിക്കെയാണ് തനിക്ക് ഇത്തരമൊരു വാഗ്ദാനം ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, ഈ വാഗ്ദാനം താൻ അപ്പോൾ തന്നെ തള്ളിക്കളഞ്ഞതായി ജിജി തോംസൺ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനോ തനിക്ക് യാതൊരു താൽപര്യവുമില്ലെന്ന് അറിയിച്ച് ആ ക്ഷണം നിരസിക്കുകയായിരുന്നു. ഗ്യാനേഷ് കുമാറിനെപ്പോലെയുള്ള ഒരാളിൽ നിന്നല്ല ഇത്തരം ഒരു രാഷ്ട്രീയ ഓഫർ വരേണ്ടതെന്നും, അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം തന്നെ വളരെയധികം അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസൺ കൂട്ടിച്ചേർത്തു.
