ജില്ലാ ബാങ്കുകൾ തിരിച്ചുവരുന്നു; സുപ്രീംകോടതിയിൽ നിലപാട് മാറ്റാന്‍ സർക്കാർ

തിരുവനന്തപുരം: ജില്ലാ സഹകരണബാങ്കുകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങി സർക്കാർ. സംസ്ഥാനത്ത് ജില്ലാബാങ്കുകൾ വേണമെന്ന നിലപാടാണ് സർക്കാറിന്. ഇത് സുപ്രീംകോടതിയെ അറിയിക്കും. മലപ്പുറം ജില്ലാസഹകരണ ബാങ്കിനെ നിർബന്ധിച്ച് സഹകരണ ബാങ്കുകളിൽ ലയിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ മുൻ എൽ.ഡി.എഫ് സർക്കാറിന്‍റെ നിലപാട് തിരുത്തി സത്യവാങ്മൂലം നൽകും. ഇതിന്‍റെ ഭാഗമായി മുന്‍ സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി റദ്ദാക്കി ജില്ലാബാങ്കുകൾ പുനഃസ്ഥാപിക്കാന്‍ പുതിയ വ്യവസ്ഥ കൊണ്ടുവരുമെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കും.

കേരളാബാങ്ക് രൂപവത്കരണത്തിന്‍റെ ഭാഗമായി ഇടത് സർക്കാർ ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ഭൂരിപക്ഷം ലയനത്തെ അനുകൂലിക്കണമെന്നതായിരുന്നു ബാങ്ക് പൊതുയോഗത്തിൽ നിബന്ധന. എന്നാൽ യു.ഡി.എഫിന് ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലാസഹകരണ ബാങ്ക് ഇതിന് വിസമ്മതിച്ചു. ഇതോടെ സഹകരണസംഘം രജിസ്ട്രാർക്ക് നിർബന്ധിത ലയനം നടത്താൻ അനുമതി നൽകുകയും നിയമഭേദഗതി കൊണ്ടുവരികയും ചെയ്തു. പിന്നാലെയാണ് മലപ്പുറം ജില്ലാ ബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ചത്. സർക്കാറിന്‍റെ പുതിയ നിലപാട് കേരളാബാങ്കിന്റെ ഭാവിക്ക് ഏറെ നിർണായകമാണ്. കേരളാബാങ്കിനെ മുമ്പത്തെപോലെത്തന്നെ സംസ്ഥാന സഹകരണ ബാങ്ക് മാത്രമാക്കി മാറ്റാനും സാധ്യതയുണ്ട്. അതേ സമയം റിസർവ് ബാങ്കും ലയനത്തെ എതിർത്തിട്ടുണ്ട്. 2020-ലെ നിയമഭേദഗതി അനുസരിച്ച് സ്വാഭാവിക ലയനം, നിർബന്ധിത ലയനം എന്നിവക്കെല്ലാമുള്ള വ്യവസ്ഥ സഹകരണ ബാങ്കുകൾക്കും ബാധകമാണ്.