ഡെന്മാർക്കിനെതിരെയും ബെഞ്ചിൽ; പോർചുഗൽ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ, പരിശീലകനുമായി ഭിന്നത

ലിസ്ബൺ: യുവേഫ നേഷൻസ് ലീഗിൽ ഡെന്മാർക്കിനെതിരെയുള്ള മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പോർചുഗൽ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. പരിശീലകൻ ജോർജ് ജീസസുമായുള്ള ഭിന്നതയെത്തുടർന്നാണ് താരം ക്യാമ്പ് വിട്ടതന്നെന്നാണ് സൂചന.

ഡെൻമാർക്കിനെതിരായ മത്സരത്തിലും റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തില്ലെന്ന് പരിശീലകൻ വാർത്താസമ്മളനത്തിൽ പറഞ്ഞിരുന്നു. നേരത്തെ, നോർവേക്കെതിരായ മത്സരത്തിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. കോപ്പൻഹേഗനിലെ പരിശീലന ക്യാമ്പിനിടെയാണ് ക്രിസ്റ്റ്യാനോ ടീം വിട്ടത്. താൻ ടീം ക്യാമ്പ് വിട്ടെന്നും പോർചുഗീസ് ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റുമായുള്ള ചർച്ചകൾക്ക് ശേഷമാണ് താൻ ഈ തീരുമാനമെടുത്തതെന്നും പിന്നീട് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ക്രിസ്റ്റ്യാനോ സ്ഥിരീകരിച്ചു. തീരുമാനത്തിന് പിന്നിലെ യഥാർഥ കാരണം കൃത്യമായ സമയത്ത് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ദേശീയ ടീമിന്റെ പത്രസമ്മേളനത്തിനും പോർചുഗീസ് ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റുമായുള്ള ചർച്ചകൾക്കും ശേഷം ഞാൻ ദേശീയ ടീം വിടാൻ തീരുമാനിച്ചു. എന്തുകൊണ്ട് ദേശീയ ടീം വിടാൻ തീരുമാനിച്ചുവെന്നതിന്റെ യഥാർഥ കാരണം കൃത്യമായ സമയത്ത് എല്ലാ പോർചുഗീസുകാരോടും ഞാൻ തുറന്നു പറയും. ടീമിനായി എന്നും ഞാൻ എല്ലാം നൽകിയിട്ടുണ്ട്. ഇപ്പോൾ പോർചുഗലിനും എന്റെ എല്ലാ സഹതാരങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു” – ക്രിസ്റ്റ്യാനോ പറഞ്ഞു.

ക്രിസ്റ്റ്യാനോ ക്യാമ്പ് വിട്ട വാർത്ത സ്ഥിരീകരിച്ച പോർചുഗീസ് ഫുട്‌ബാൾ ഫെഡറേഷൻ ബാക്കി 24 കളിക്കാരുമായി പരിശീലനം തുടരുമെന്നും വ്യക്തമാക്കി. അതേസമയം, ക്യാമ്പ് വിട്ടതിന് പിന്നാലെ പരിശീലകൻ ജീസസുമായി താരത്തിന് ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. നേഷൻസ് ലീഗിൽ കഴിഞ്ഞ ഞായറാഴ്ച നോർവേയ്ക്കെതിരെ നടന്ന മത്സരത്തിൽ അവസരം കിട്ടാതിരുന്ന താരം പരിശീലകന്റെ ഈ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച നടന്ന പരിശീലന സെഷനിലും താരം പങ്കെടുത്തിരുന്നില്ല.

നേരത്തെ, വാർത്താസമ്മളനത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് പരിശീലകനാണെന്നും, ടീമിലെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്നും ജീസസ് പറഞ്ഞിരുന്നു. തങ്ങൾക്കിടയിൽ വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേഷൻസ് ലീഗിലെ പോർചുഗലിന്റെ ആദ്യ മത്സരത്തിൽ വെയ്ൽസിനെതിരെ ക്രിസ്റ്റ്യാനോ കളത്തിലിറങ്ങിയിരുന്നു. ഈ മത്സരത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടിയെങ്കിലും താരത്തിന് മുന്നേറ്റ നിരയിൽ കൃത്യമായ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. മത്സരത്തിൽ പരിശീലകൻ താരത്തെ 67-ാം മിനിറ്റിൽ പിൻവലിച്ചിരുന്നു.