ഇനി 'ഡോക്ടർ' ലയണൽ മെസ്സി; വിടവാങ്ങൽ മത്സരത്തിന് മുമ്പ് പരമോന്നത ബഹുമതിയുമായി ബ്വേനസ് എയ്‌റിസ് സർവകലാശാല

ബ്വേനസ് എയ്‌റിസ്: ഫുട്ബാൾ ലോകത്ത് നേടാനാവുന്ന സകല കിരീടങ്ങളും സ്വന്തമാക്കിയ അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പേരിനൊപ്പം ഇനി ‘ഡോക്ടർ’ പദവി കൂടി. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്സിറ്റി ഓഫ് ബ്വേനസ് എയ്‌റിസ് (യു.ബി.എ) തങ്ങളുടെ പരമോന്നത അക്കാദമിക് ബഹുമതിയായ ‘ഡോക്ടർ ഹോണറിസ് കോസ’ നൽകി മെസ്സിയെ ആദരിക്കുന്നു. ഒക്ടോബർ ആറിന് നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ചാകും ഫുട്ബാൾ രാജാവിന് സർവകലാശാല ബിരുദം സമ്മാനിക്കുക.
കളിക്കളത്തിലെ അസാധാരണ കായികശേഷിക്കൊപ്പം മെസിയുടെ എളിമയും നിശ്ചയദാർഢ്യവും രാജ്യത്തോടുള്ള പ്രതിബദ്ധതയും കണക്കിലെടുത്താണ് ബഹുമതി നൽകാൻ സർവകലാശാലയുടെ സുപ്പീരിയർ കൗൺസിൽ ഐകകണ്ഠ്യേന തീരുമാനിച്ചത്.
കേവലം ട്രോഫികൾക്കോ ഗോളുകൾക്കോ അപ്പുറം അർജന്റീനിയൻ ജനപ്രിയ സംസ്കാരത്തിന്റെയും ദേശീയ സ്വത്വത്തിന്റെയും പ്രതിരൂപമാണ് മെസിയെന്ന് യു.ബി.എ റെക്ടർ റിക്കാർഡോ ഗെൽപിയും വൈസ് റെക്ടർ എമിലിയാനോ യാക്കോബിറ്റിയും വ്യക്തമാക്കി. മെസിയുടെ നായകത്വത്തിലാണ് അർജന്റീന 2022 ലോകകപ്പും 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങളും 2022 ലെ ഫൈനലിസിമയും സ്വന്തമാക്കിയത്.
അക്കാദമിക് ബഹുമതി ഏറ്റുവാങ്ങുന്ന അതേദിവസം തന്നെയാണ് മെസി തൻ്റെ കരിയറിലെ അവസാന പോരാട്ടത്തിനിറങ്ങുന്നത്. ഒക്ടോബർ ആറിന് ബ്വേനസ് എയ്‌റിസിലെ ചരിത്രപ്രസിദ്ധമായ മൊനുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തോടെ താരം അർജന്റീനിയൻ ജേഴ്സിയഴിക്കും.
രാജ്യത്തിനായി മെസി കളിക്കുന്ന 208-ാമത് മത്സരമാണിത്. ഇതിഹാസ താരത്തിന് ഉചിതമായ യാത്രാമൊഴി നൽകാനാണ് ബെനിനുമായി മത്സരം ക്രമീകരിച്ചതെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയ സ്ഥിരീകരിച്ചു.
