ഹോക്കിയിൽ ഒരു കളിയകലെ സ്വർണം; പാകിസ്താനെ വീഴ്ത്തി ഫൈനലിൽ

ടോക്യോ: ഹോക്കിയിൽ നിലവിലെ ചാമ്പ്യന്മാർക്ക് സ്വർണം ഒരു കളിയകലെ. സെമിയിൽ പാകിസ്താൻ ഉയർത്തിയ വെല്ലുവിളി ഫൈനൽ വിസിലിന് തൊട്ടുമുമ്പ് അഭിഷേകിന്റെ മനോഹര ഗോളിൽ മറികടന്നാണ് ടീം ഇന്ത്യ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. സ്കോർ 4-3. ദക്ഷിണ കൊറിയയെ വീഴ്ത്തിയ മലേഷ്യയാണ് ശനിയാഴ്ച ഫൈനലിൽ എതിരാളികൾ.
5, 13 മിനിറ്റുകളിൽ പെനാൽറ്റി വലയിലെത്തിച്ച് ഹർമൻപ്രീത് നൽകിയ ആവേശത്തുടക്കം സുഖ്ജീത് വലകുലുക്കി ലീഡ് കാൽ ഡസനിലെത്തിച്ചെങ്കിലും പിന്നീട് തുടർച്ചയായ ഗോളുകളിൽ ഒപ്പമെത്തി പാകിസ്താൻ ആശങ്ക സൃഷ്ടിച്ചു. 30,45, 49 മിനിറ്റുകളിൽ അബൂ മഹ്മൂദ്, ഹനാൻ ഷാഹിദ്, വഹീദ് റാണ എന്നിവരുടെ ഗോളുകളാണ് പാകിസ്താന് പ്രതീക്ഷ പകർന്നത്. ആദ്യ പകുതി ഇന്ത്യൻ ടീമിന് സ്വന്തമായിരുന്നെങ്കിൽ രണ്ടാം പകുതിയിൽ പാക് ടീമും മികവുകാട്ടി. ഇതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന ഘട്ടത്തിനരികെയാണ് അഭിഷേക് രക്ഷകനായത്. പാക് പ്രതിരോധ താരം സുഫിയാന്റെ സ്റ്റിക്കിൽ തട്ടിയെത്തിയ അവസരം പാക് ഗോളി അലി റാസയെ നിസ്സഹായനാക്കി മനോഹരമായി അഭിഷേക് വലയിലെത്തിക്കുകയായിരുന്നു.
