തന്‍റെ ഡാൻസ് വിഡിയോ നീക്കം ചെയ്ത പോലീസ് നടപടി ശരിയായില്ല, എന്നും ഉറങ്ങുന്നതിന് മുമ്പ് കാണാറുണ്ടായിരുന്നു; വി ഡി സതീശൻ

തിരുവനന്തപുരം: എ.ഐസാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച തന്റെ ഡാൻസ് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്ത പോലീസ് നടപടി ശരിയായില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി അന്യായമാണെന്ന് ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘എഐ കവല’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്ന ഈ എഐ ഡാൻസ് വിഡിയോ കഴിഞ്ഞ മാസമാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. എന്നാൽ വലിയ സ്വീകാര്യത നേടി ദിവസങ്ങൾക്കകം തന്നെ വീഡിയോ ഇന്ത്യയിൽ നിരോധിക്കപ്പെടുകയായിരുന്നു.

തൃശൂരിൽ നിന്നുള്ള രണ്ട് യുവാക്കളാണ് ഈ വീഡിയോ തയ്യാറാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ് താരം വിജയ്‌യുടെ ശൈലിയിലാണ് താൻ അതിൽ ചുവടുവെച്ചതെന്നും ഏറെ മനോഹരമായ വീഡിയോ ആയിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടൻ വിജയ്‌യെക്കാൾ മികച്ച രീതിയിലാണ് താൻ അതിൽ ഡാൻസ് ചെയ്തിരിക്കുന്നതെന്ന് നിരവധി കുട്ടികൾ തന്നോട് പറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ പോലീസ് ഈ വീഡിയോ നീക്കം ചെയ്തത് തനിക്ക് ഒട്ടും സന്തോഷം നൽകിയ കാര്യമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ദിവസവും രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് താൻ ആ വീഡിയോ കാണാറുണ്ടായിരുന്നുവെന്നും, എത്രയോ മനോഹരമായ ആ ഡാൻസ് വീഡിയോ നീക്കം ചെയ്ത പോലീസിന്റെ നടപടി ശരിയായില്ല എന്ന് അവരോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പും ഈ എഐ ഡാൻസ് വീഡിയോയെ പ്രശംസിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. വീഡിയോ കണ്ട് താൻ അത്ഭുതപ്പെട്ടുപോയെന്നും മോഹൻലാലിനേക്കാളും വിജയ്‌യേക്കാളും നന്നായി താൻ അതിൽ ചുവടുവെച്ചിട്ടുണ്ടെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. അഞ്ചു വയസ്സുള്ള ഒരു കുട്ടി പോലും ഡാൻസ് ഗംഭീരമായിട്ടുണ്ടെന്ന് തന്നോട് പറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.