റബാദക്ക് മൂന്നു വിക്കറ്റ്; ഓസീസിനെ തരിപ്പണമാക്കി ദക്ഷിണാഫ്രിക്ക; 134 റൺസ് ജയം
ലഖ്നോ: ലോകകപ്പിലെ കരുത്തരുടെ അങ്കത്തിൽ ദക്ഷിണാഫ്രിക്കക്ക് വമ്പൻ ജയം. 134 റൺസിനാണ് മുൻ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ പ്രോട്ടീസ് തരിപ്പണമാക്കിയത്. സ്കോർ: ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഏഴു വിക്കറ്റിന് 311. ആസ്ട്രേലിയ 40.5 ഓവറിൽ 177 റൺസിന് ഔൾ ഔട്ട്.
ഓസീസിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ ഇന്ത്യയോടും പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കക്ക് രണ്ടാം ജയവും. മാർനസ് ലബുഷെയ്നാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. 74 പന്തിൽ 46 റൺസെടുത്താണ് താരം പുറത്തായത്. മറ്റു ബാറ്റർമാർക്കൊന്നും ദക്ഷിണാഫ്രിക്കയുടെ ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
മിച്ചൽ മാർഷ് (15 പന്തിൽ ഏഴ്), ഡേവിഡ് വാർണർ (27 പന്തിൽ 13), സ്റ്റീവ് സ്മിത്ത് (16 പന്തിൽ 19), ജോഷ് ഇംഗ്ലിസ് (നാലു പന്തിൽ അഞ്ച്), ഗ്ലെൻ മാക്സ് വെൽ (17 പന്തിൽ മൂന്ന്), മാർകസ് സ്റ്റോയിനിസ് (നാലു പന്തിൽ അഞ്ച്), മിച്ചൽ സ്റ്റാർക് (51 പന്തിൽ 27), പാറ്റ് കമ്മിൻസ് (21 പന്തിൽ 22), ജോഷ് ഹേസൽവുഡ് (രണ്ടു പന്തിൽ രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 11 റൺസുമായി ആദം സാംപ പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കക്കായി കഗിസോ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തി. മാർകോ ജാൻസെൻ, കേശവ് മഹാരാജ്, തബ്രായിസ് ഷംസി എന്നിവർ രണ്ടു വിക്കറ്റ് വീതവും ലുങ്കി എൻഗിഡി ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ ദക്ഷിണാഫ്രിക്ക ക്വിന്റൻ ഡി കോക്കിന്റെ സെഞ്ച്വറി കരുത്തിലാണ് 311 റൺസെടുത്തത്. ഈ ലോകകപ്പിലെ ഡീ കോക്കിന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണ്. 106 പന്തിൽ അഞ്ചു സിക്സും എട്ടു ഫോറുമടക്കം 109 റൺസെടുത്താണ് താരം പുറത്തായത്.
ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിലും താരം സെഞ്ച്വറി നേടിയിരുന്നു. ഓപ്പണർമാരായ ഡി കോക്കും നായകൻ ടെംബ ബാവുമയും ടീമിന് മികച്ച തുടക്കം നൽകി. ഓസീസ് പേസർമാർക്കെതിരെ ശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും പത്ത് ഓവറിൽ ടീം സ്കോർ അമ്പതിലെത്തിച്ചു. ഒന്നാം വിക്കറ്റിൽ ഇരുവരും 19.4 ഓവറിൽ 108 റൺസെടുത്താണ് പിരിഞ്ഞത്. 55 പന്തിൽ 35 റൺസെടുത്ത ബാവുമയെ പുറത്താക്കി ഗ്ലെൻ മാക്സ് വെല്ലാണ് ഓസീസിന് ബ്രേക്ക്ത്രൂ നൽകിയത്. 26 റൺസെടുത്ത റാസി വാൻ ഡർ ഡസനെ ആദം സാംപ പുറത്താക്കി.
ആദ്യ മത്സരത്തിൽ ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച ഐഡൻ മർക്രമം അർധ സെഞ്ച്വറി നേടി. 44 പന്തിൽ 56 റൺസെടുത്ത താരം കമ്മിൻസിന്റെ പന്തിൽ ജോഷ് ഹേസൽവുഡിന് ക്യാച്ച് നൽകിയാണ് പുറത്തായത്. ഹെൻ റിച് ക്ലാസൻ (27 പന്തിൽ 29), മാർകോ ജാൻസെൻ (22 പന്തിൽ 26), ഡേവിഡ് മില്ലർ (13 പന്തിൽ 17) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
റണ്ണൊന്നും എടുക്കാതെ കഗിസോ റബാദയും കേശവ് മഹാരാജും പുറത്താകാതെ നിന്നു. ഓസീസിനായി മിച്ചൽ സ്റ്റാർകും മാക്സ് വെല്ലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജോഷ് ഹേസൽവുഡ്, ആദം സാംപ, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.