21 വർഷത്തിന് ശേഷം പാകിസ്താനിൽ ഏകദിന പരമ്പര കളിക്കാൻ ഇംഗ്ലണ്ട്; ജിന്നാ തൊപ്പി സമ്മാനിച്ച് പി.സി.ബി

ഇസ്‍ലാമാബാദ്: 21 വർഷത്തെ ഇടവേളക്കുശേഷം പാകിസ്താനിൽ ഏകദിന പരമ്പര കളിക്കാനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ആതിഥേയരായ പാകിസ്താനും ശ്രീലങ്കയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ പങ്കെടുക്കാനാണ് ഇംഗ്ലണ്ട് താരങ്ങൾ പാകിസ്താനിലെത്തിയത്. 2005നുശേഷം ആദ്യമായാണ് ഇംഗ്ലണ്ട് പാകിസ്താനിൽ ഏകദിന പരമ്പര കളിക്കുന്നത്. രണ്ടു വർഷം മുമ്പ് പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിൽ തോൽവി നേരിട്ട ശേഷമുള്ള ഇംഗ്ലണ്ടിന്റെ ആദ്യ പാക് സന്ദർശനം കൂടിയാണിത്.

ഇംഗ്ലണ്ട് താരങ്ങൾ പാകിസ്താനിലെത്തിയതിന്റെ വിഡിയോ പുറത്തുവന്നു. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) അധികൃതർ പരമ്പരാഗത ജിന്നാ തൊപ്പികൾ സമ്മാനിച്ചാണ് താരങ്ങളെ സ്വീകരിച്ചത്. ഇംഗ്ലണ്ട് താരം ജോ റൂട്ടും തൊപ്പി ധരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഒക്ടോബർ 18 മുതൽ 31 വരെ നടക്കുന്ന ഏഴ് മത്സരങ്ങളടങ്ങിയ ടൂർണമെന്റിന് റാവൽപിണ്ടിയും ലാഹോറുമാണ് വേദികൾ. ഉദ്ഘാടന മത്സരത്തിൽ പാകിസ്താൻ ശ്രീലങ്കയെ നേരിടും. ഒക്ടോബർ 20ന് ഇംഗ്ലണ്ട് ആതിഥേയർക്കെതിരെ ആദ്യ മത്സരത്തിനിറങ്ങും. പോയന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ ഒക്ടോബർ 31ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.

ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. ജോ റൂട്ട്, ബെൻ ഡക്കറ്റ്, സാം കറൻ, ആദിൽ റഷീദ് എന്നിവരും 16 അംഗ ടീമിലുണ്ട്. മേസൺ ക്രെയിൻ, ജെയിംസ് കോൾസ്, ഹെൻറി ക്രോകോംബ് എന്നിവർക്കും ടീമിൽ ഇടം ലഭിച്ചു. പരിക്കിനെത്തുടർന്ന് ജോസ് ബട്‌ലർ ടീമിലില്ല. ജൊഫ്ര ആർച്ചർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഒക്ടോബർ 13ന് റാവൽപിണ്ടിയിൽ അവസാനിച്ച മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിൽ ശ്രീലങ്കയെ 2-1ന് തോൽപിച്ച ആത്മവിശ്വാസത്തിലാണ് പാകിസ്താൻ ത്രിരാഷ്ട്ര ഏകദിന പരമ്പരക്കിറങ്ങുന്നത്.

ത്രിരാഷ്ട്ര പരമ്പരയുടെ മത്സരക്രമം

– ഒക്ടോബർ 18: പാകിസ്താൻ – ശ്രീലങ്ക (റാവൽപിണ്ടി)

– ഒക്ടോബർ 20: പാകിസ്താൻ – ഇംഗ്ലണ്ട് (റാവൽപിണ്ടി)

– ഒക്ടോബർ 22: ശ്രീലങ്ക – ഇംഗ്ലണ്ട് (റാവൽപിണ്ടി)

– ഒക്ടോബർ 25: പാകിസ്താൻ – ഇംഗ്ലണ്ട് (ലാഹോർ)

– ഒക്ടോബർ 27: പാകിസ്താൻ – ശ്രീലങ്ക (ലാഹോർ)

– ഒക്ടോബർ 29: ശ്രീലങ്ക – ഇംഗ്ലണ്ട് (ലാഹോർ)

– ഒക്ടോബർ 31: ഫൈനൽ (ലാഹോർ)

ടീമുകൾ

ഇംഗ്ലണ്ട്: ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ഗസ് അറ്റ്കിൻസൺ, സണ്ണി ബേക്കർ, ടോം ബാന്റൺ, ജെയിംസ് കോൾസ്, ജോർഡൻ കോക്സ്, മേസൺ ക്രെയിൻ, ഹെൻറി ക്രോകോംബ്, സാം കറൻ, ലിയാം ഡോസൺ, ബെൻ ഡക്കറ്റ്, വിൽ ജാക്സ്, ജാമി ഓവർട്ടൺ, ആദിൽ റഷീദ്, ജോ റൂട്ട്, ജോഷ് ടങ്.

പാകിസ്താൻ: ഷഹീൻ ഷാ അഫ്രീദി (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, സൽമാൻ അലി ആഗ, അറഫാത്ത് മിൻഹാസ്, ബാബർ അസം, ഫഹീം അഷ്റഫ്, ഫഖർ സമാൻ, മുഹമ്മദ് ഗാസി ഘോരി, ഹാരിസ് റഊഫ്, ഹസൻ നവാസ്, നസീം ഷാ, റസാഉല്ല, സാദ് ബെയ്ഗ്, സൈം അയൂബ്, ഷദാബ് ഖാൻ, സുഫിയാൻ മുഖീം.

ശ്രീലങ്ക: കുശാൽ മെൻഡിസ് (ക്യാപ്റ്റൻ), സഹൻ ആരച്ചിഗെ, ദുഷ്മന്ത ചമീര, സച്ചിന്ദു കൊളംബഗെ, അവിഷ്ക ഫെർണാണ്ടോ, അസിത ഫെർണാണ്ടോ, ജനിത് ലിയനഗെ, ദിൽഷൻ മധുശങ്ക, ഏഷാൻ മലിംഗ, കമിന്ദു മെൻഡിസ്, കമിൽ മിശാര, പാതും നിസ്സങ്ക, പവൻ രത്നായകെ, ദസുൻ ഷനക, മഹീഷ് തീക്ഷണ, ദുനിത് വെല്ലാലഗെ.