നിയമനങ്ങൾ പുനഃപരിശോധിക്കണം; പ്ലാനിങ് ബോർഡിൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് പിന്നാക്ക സംഘടനകൾ

കോഴിക്കോട്: സംസ്ഥാന പ്ലാനിങ് ബോർഡിലെ നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പിന്നാക്ക സംഘടനകൾ. ബോർഡിലെ നിലവിലെ നിയമനങ്ങൾ പുനഃപരിശോധിക്കണമെന്നും പദ്ധതി രൂപീകരണ നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പിന്നാക്ക സംഘടനകൾ മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനം നൽകി.

ഭരണാധികാര സ്ഥാനങ്ങളിൽ എല്ലാ സമുദായങ്ങൾക്കും ആനുപാതികവും മതിയായതുമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് ഭരണഘടനാപരമായ അവകാശമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സർവകലാശാലകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ, സർക്കാർ അഭിഭാഷക നിയമനങ്ങൾ എന്നിവയുൾപ്പെടെ സർക്കാർ നാമനിർദേശം വഴി നടത്തുന്ന നിയമനങ്ങളിൽ പിന്നാക്ക വിഭാഗങ്ങളും വനിതകളും അവഗണിക്കപ്പെടുന്നതായും നിവേദനം ആരോപിച്ചു.

സംസ്ഥാന പ്ലാനിങ് ബോർഡ് ചെയർമാനും നാല് വിദഗ്ധ അംഗങ്ങളും ദീർഘകാലമായി അധികാരസ്ഥാനങ്ങളിൽ ആധിപത്യം പുലർത്തുന്ന ഒരു സമുദായത്തിൽനിന്ന് മാത്രമാണ് നിയമിക്കപ്പെട്ടതെന്നത് നിരാശാജനകമാണെന്ന് സംഘനാദ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നിർണയിക്കുന്നതിലും വിഭവങ്ങളുടെ വിതരണം തീരുമാനിക്കുന്നതിലും നിർണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് പ്ലാനിങ് ബോർഡ്. അതിനാൽ, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് അർഹമായ പദ്ധതി വിഹിതവും വിഭവങ്ങളുടെ നീതിപൂർവമായ വിതരണവും ഉറപ്പാക്കുന്നതിൽ ബോർഡിന്റെ തീരുമാനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും നിവേദനത്തിൽ പറയുന്നു.

കേരളത്തിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗം പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണെന്നും ഇവർക്ക് ഭരണപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന സ്ഥാപനങ്ങളിൽ അർഹമായ പങ്കാളിത്തം ലഭിക്കേണ്ടതുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.

പ്ലാനിങ് ബോർഡിലെ പ്രാതിനിധ്യക്കുറവ് സംബന്ധിച്ച് വിവിധ കോണുകളിൽനിന്ന് നേരത്തേയും ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്ന് നിവേദനത്തിൽ പറയുന്നു. മുസ്‌ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ബോർഡിൽ മുസ്‌ലിം, ദലിത്, വനിതാ പ്രാതിനിധ്യം ഇല്ലാത്തതിനെക്കുറിച്ച് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പുറമെ, ഹിന്ദു വിഭാഗങ്ങളിലെ വിവിധ പിന്നാക്ക സമുദായങ്ങൾക്കും ലത്തീൻ കത്തോലിക്ക വിഭാഗത്തിനും നിയമനങ്ങളിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നും ആരോപിച്ചു.

സർക്കാർ നടത്തിയ നിയമനങ്ങളിലെ ഏകപക്ഷീയതയും പക്ഷപാതവും പരിശോധിച്ച് തിരുത്തണമെന്നും പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പദ്ധതി രൂപീകരണ നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ പ്ലാനിങ് ബോർഡിൽ ഈ വിഭാഗങ്ങൾക്ക് ഭൂരിപക്ഷ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോടുള്ള അഭ്യർഥനയിൽ പറയുന്നു.