സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജി; സുപ്രിം കോടതി നാളെ വിധി പറയും
സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നാളെ (ചൊവ്വ) രാവിലെ 10.30ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. ഡി.വൈ. ചന്ദ്രചൂഡിന് പുറമേ ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എസ്.ആർ. ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലുള്ളത്.
മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‍വി, മുകുൾ റോത്തഗി, ആനന്ദ ഗ്രോവർ, മേനക ഗുരുസ്വാമി, രാജു രാമചന്ദ്രൻ തുടങ്ങിയവരാണ് ഹർജിക്കാർക്കുവേണ്ടി വാദിച്ചത്. പത്തു ദിവസമാണ് വാദം നീണ്ടുനിന്നത്. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹത്തിനു നിയമസാധുത വേണമെന്നായിരുന്നു ഇവരുടെ വാദം. സ്വവർഗാനുരാഗികൾക്ക് രാജ്യത്ത് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും ക്ഷേമാനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം പരിഗണിക്കേണ്ടത് പാർലമെന്റാണെന്ന കേന്ദ്ര സർക്കാരിന്റെ വാദം സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. സ്വവർഗ വിവാഹം നിയമവിധേയമാക്കരുതെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. സ്വവർഗാനുരാഗം നഗരകേന്ദ്രീകൃത വരേണ്യ വർഗത്തിൻറെ കാഴ്ചപ്പാടാണെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. സ്ഥിതിവിവരക്കണക്കുകൾ ഇല്ലാതെ ഇങ്ങനെ ആരോപിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.