കറുപ്പ്
നമ്മുടെ നാട്ടിലോ!!!… വർണ്ണ വെറിയോ!!!…
പോടാ… അതൊക്കെ പണ്ട്…
ചെക്കൻ എങ്ങനുണ്ട്…? ചെക്കൻ പൊളിയല്ലേ…
മുഖച്ഛായ പോരങ്കിലും നല്ല വെളുത്ത ചെക്കൻ….
ഡാ ചെക്കാൻ എങ്ങനുണ്ട്…?
കുഴപ്പല്ല…കറുത്തിട്ടാണെങ്കിലും നല്ല മുഖച്ഛായ ഉണ്ട് …
ഇങ്ങനെ പല സന്ദർഭങ്ങളിലും പലരീതിയിലായി നമ്മൾ വർണ വിവരണം കേട്ടിട്ടുണ്ടാകും. “നമ്മുടെ നാട്ടിലോ…. വർണ്ണ വെറിയോ…” എന്ന് പറഞ്ഞ് തുള്ളാൻ നിക്കുന്നതിന് മുൻപ് ഒന്ന് പലകാര്യങ്ങളിളും എത്തി നോക്കാം. മുകളിൽ പറഞ്ഞ കാര്യം തന്നെ ഒരു വലിയ ഉദാഹരണമാണ്. നമ്മൾ പലപ്പോഴും ഈ സംഭാഷണങ്ങൾ കേട്ടിട്ടുള്ളവരാണ് എന്താണ് ഇതിലെ പ്രശ്നം എന്ന് ഒരു പക്ഷെ ഇത് വായിക്കുമ്പോൾ നിങ്ങൾക്കും തോന്നാം, “എന്താ.. കുഴപ്പം, കറുപ്പിനെന്താ കുഴപ്പം അതിന് ഏഴു അഴകല്ലേ… ഒരു പ്രശ്നവുല്ല”. സ്ത്രീധനത്തിനെതിരെ വാതോരാതെ സംസാരിച്ചിട്ട്, ഒരു തരി പൊന്നില്ലാതെ എങ്ങനെ അവളെ കയറ്റുക എന്ന് ചിന്തിക്കുന്ന ടീംസാണ് നമ്മൾ. അതുപോലെ തന്നെ ഒന്ന് ആലോചിച്ച മതി നിങ്ങളുടെ ഭാവി വധു/വരൻ അല്ലെങ്കിൽ നിങ്ങളുടെ മക്കളുടെ ഇണ അല്ലെങ്കിൽ നിങ്ങൾക്കുണ്ടാകുന്ന മക്കൾ. അവർ വെളുത്ത നിറം വേണ്ട അവർ കറുത്ത നിറം ആയാൽ മതി എന്ന് നിങ്ങൾ തീരുമാനിക്കുമോ?. അല്ലെങ്കിൽ ആഗ്രഹിക്കുമോ? അവർ വെളുത്തിട്ടാവണം എന്നല്ലേ നമ്മുടെ ചിന്ത. എല്ലാം പോകട്ടെ നിങ്ങളുടെ മനസ്സിൽ വരുന്ന ഈ മുഖങ്ങൾ (ഭാവി വധു/വരൻ, ചിന്തയിലെ മക്കൾ, മക്കളുടെ ഭാവി ഇണ) അല്ലെങ്കിൽ ആഗ്രഹിക്കുന്ന മുഖങ്ങൾക്ക് എന്ത് നിറമാണ്?. ഇതിന്റെ മറുപടി നീ ഉറക്കെ പറയുമ്പോൾ, “ഹേയ് അങ്ങനൊന്നും നോക്കിയിട്ടില്ല… ചിന്തിച്ചിട്ടുപോലുമില്ല… അതിലൊക്കെ എന്ത് കാര്യം” എന്നൊക്കെ ആയിരിക്കും. പക്ഷെ മറുപടി ഉള്ളിൽ ആലോചിച്ചു സ്വയം പറഞ്ഞാൽ മതി. പുതിയ തലമുറ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല അല്ലെങ്കിൽ വർണ്ണത്തിന് വലിയ വില കല്പിക്കുന്നില്ല എന്നൊക്കെ വാദിക്കുന്നുണ്ട് പക്ഷെ… എത്രപേർ മെക്കപ്പ് സെറ്റ് ഒഴിവാക്കും എത്രപേർ പൗഡർ ഇടാതിരിക്കും?. നിങ്ങളുടെ വിവാഹത്തിന് നിങ്ങൾ മുഖം കറുപ്പിക്കുമോ? ഫെയർ ആൻഡ് ലോവ്ലി ഒഴിവാക്കുമോ?, പുതിയ തലമുറയിലെ എല്ലാവരും ഇങ്ങനെയാണ് എന്ന് പറയുന്നില്ല പക്ഷെ നിങ്ങളുടെ മാതാപിതാക്കൾ എങ്ങനെ ആയിരിക്കും എന്ന് ചിന്തിക്കുക സ്വയം ആലോചിക്കുക.

എന്തിനാപ്പോ ഇതൊക്കെ ഇപ്പൊ പറയണത്…എന്നല്ലേ നമുക്കിടയിൽ ഒരുപാട് കറുത്ത നിറം ഉള്ളവരുണ്ട് അവർക്ക് നാം പല പേരുകളും ഇട്ടിട്ടുണ്ടാകാം കറുമ്പൻ… കറുത്ത മുത്ത്… കരിമ്പൻ… കറുത്തുണ്ണി തുടങ്ങിയവ. മറ്റ് വട്ടപേരുകൾ വരുന്ന പോലെയല്ല ഇത്, താൻ എന്ത് തെറ്റാ ചെയ്തത്…? ഇതെന്റെ തീരുമാനം ആണോ ?, ആണോ ? അവർ കറുത്തത്, അല്ലെങ്കിൽ വേണ്ട ഞങ്ങൾ കറുത്തത് ഞങ്ങളുടെ കുറ്റം കൊണ്ടാണോ…? പലരും കളിയാക്കും ശേഷം പറയും തമാശക്ക് പറഞ്ഞതാട്ടോ… കാര്യം ആക്കണ്ട… വേറെ സ്ഥലത്ത് എത്തുമ്പോ അവിടെയും കളിയാക്കും എന്നിട്ട് പറയും തമാശക്ക് പറഞ്ഞതാണ് കാര്യം ആക്കണ്ട… ഹ്മ്… എല്ലായിടത്തും ഇര അവരാണ് അല്ല ഞങ്ങളാണ്… തമാശക്ക് എന്തിന് നിങ്ങൾ നിറം തിരഞ്ഞെടുക്കുന്നു?. അത് മോശം ആയത് കൊണ്ടാണോ? അല്ല… നിങ്ങൾക്ക് എവിടെ നിന്നോ പകർന്ന് കിട്ടിയതാണത്. സമൂഹം പകർന്ന് നൽകിയ ഒന്ന്. “ഇതൊന്നും എന്നിട്ട് അവർ ഞങ്ങളോട് പറഞ്ഞിട്ടില്ലല്ലോ… എല്ലാവരും അങ്ങനെ അല്ല…” എന്നൊക്കെ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും ശരിയാണ് എല്ലാവരും അങ്ങനെ അല്ല, പക്ഷെ ഒരിക്കലെങ്കിലും വർണ്ണം കൊണ്ട് വിഷമിക്കാത്ത ആളുകൾ വിരളമാണ്, പിന്നെ അവർ പറഞ്ഞിട്ടില്ലല്ലോ എന്നത് നമ്മുടെ വിഷമം അതെ അവസ്ഥയിലുള്ളവരോടെ പറയൂ… കളിയാക്കിയവരോട് എങ്ങനെ പറയാനാ…? കറുപ്പിനെ നെഗറ്റിവ്ആയി ചിത്രീകരിക്കുന്ന സ്റ്റേറ്സ്കളും ചിന്തകന്റെ വാക്കുകളും കാര്യമാക്കുന്നില്ല കാരണം അതൊന്നുമല്ല ഇത് തുടരാനുള്ള കാരണം. നൂറ്റാണ്ടുകൾക്ക് മുൻപേ ഉള്ളതാണ് വർണ്ണ വെറി. അതാണ് നെഗേറ്റിവെ കാര്യങ്ങൾക്ക് കറുപ്പ് എന്ന നിർവചനം നൽകിയത്. അല്ലാതെ നെഗറ്റീവ് കാര്യങ്ങൾക്ക് കറുപ്പ് ആയത് കൊണ്ടല്ല കറുപ്പിനെ തരം താഴ്ത്തിയത്. ഒരു ഭീകര മനുഷ്യൻ എന്ന് കേൾക്കുമ്പോൾ ഉള്ള രൂപത്തിന് ഏത് നിറമാണ് നിങ്ങളുടെ മനസ്സിൽ? വെളുപ്പാണോ?. ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടത് ഈ വർണ്ണവെറി അവശേശിക്കുന്നു സമൂഹത്തിലല്ല നിന്റെ മനസ്സിൽ അതെ നീയും അതിന്റെ ഭാഗമാണ്. ഒരു കറുത്ത നിറമുള്ള ആളാണ് നിങ്ങൾ എങ്കിൽ സ്വയം ഉള്ളിൽ മറുപടി പറയുക നിങ്ങളുടെ മക്കൾ ഏത് നിറം ആവണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
സ്വാഭാവികമായി എന്റെ അനുഭവം തന്നെ പറയാം എന്റെ പെങ്ങൾക്ക് ഒരു ആലോചന വന്നപ്പോൾ ചെക്കൻ എങ്ങനുണ്ട് എന്ന് ചോദിച്ചു സമീപത്ത് ഞാനും ഉണ്ടായിരുന്നു, മറുപടി ഹാ… ഇവനെ പോലൊക്കെ തന്നെണ് ഇത്ര കറുപ്പ് ഉണ്ടോ…? (സ്വയം ചോദിക്കുന്നു) ല്ല.. ല്ലേ… ഇത്രക്ക് ഇല്ല. എന്നിട്ട് അവർ പറയുന്നു, “അല്ല… അതിലൊന്നും ഇപ്പൊ കാര്യം ഇല്ലല്ലോ….”. എന്ന പിന്നെ അങ്ങനെ നോക്കേണ്ട കാര്യം ഉണ്ടോ…? സ്വാഭാവികമായി ഞാൻ മനസ്സിലാക്കുന്നു നമ്മുടെ സമൂഹവും നാടും എല്ലാവരും അറിയാതെ ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരു രണ്ടാം തരം നിറമാണ് കറുപ്പ്.