കിഴിശേരി ഉപജില്ലാ ശാസ്ത്രമേളയ്ക്ക് മുതുവല്ലൂര്‍ ജിഎച്ച്എസ്എസില്‍ തുടക്കമായി.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖ ഉദ്ഘാടനം ചെയ്തു. മാനവികതയിലൂന്നിയ ശാസ്ത്രമാണ് ഇന്നത്തെ ആവശ്യമെന്ന് റഫീഖ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബിന്ദു ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പികെസി അബ്ദുറഹിമാന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷീജ പാപ്പാടന്‍, ഗ്രാമപഞ്ചായത്തംഗം പഞ്ചമി പ്രദീപ്, എസ്എംസി ചെയര്‍മാന്‍ കെ രാമകൃഷ്ണന്‍, കിഴിശേരി എഇഒ കെ. അബ്ദുസലാം, അരീക്കോട് ബിപിസി പിടി രാജേഷ്, പ്രിന്‍സിപ്പല്‍ അബ്ദുല്‍അസീസ്, പ്രധാനാധ്യാപകന്‍ ഫസലുറഹ്മാന്‍, മുസ്തഫ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പിടിഎ പ്രസിഡന്റ് പിപി റഹ്മത്തുള്ള സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഇകെ. ഷാജേഷ് നന്ദിയും പറഞ്ഞു.
58 സ്‌കൂളുകളില്‍നിന്നായി 2500 കുട്ടികളാണ് രണ്ടുദിവസത്തെ ശാസ്‌ത്രോല്‍സവത്തില്‍ പങ്കെടുക്കുന്നത്. ചൊവ്വാഴ്ച നടന്ന മല്‍സരങ്ങളില്‍ 1300 ലധികം കുട്ടികള്‍ പങ്കെടുത്തു. ഗണിതശാസ്ത്രമേള, ഐടി മേള, പ്രവൃത്തി പരിചയമേള, ശാസ്ത്രനാടകം എന്നിവ നടന്നു. നാളെ (18.10.2023) ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേളയോടനുബന്ധിച്ച് സയന്‍സ് ക്വിസ് മല്‍സരങ്ങള്‍ നടക്കും. ശാസ്‌ത്രോല്‍സം നാളെ സമാപിക്കും.