ചന്ദ്രയാൻ 3ന്‍റെ സോഫ്റ്റ് ലാൻഡിങ്ങിൽ ഗർത്തമുണ്ടായി, 108 ചതുരശ്ര മീറ്റർ ചുറ്റളവിൽ പൊടി അകന്നുമാറി; ഡേറ്റ വിശകലന വിവരങ്ങളുമായി ഐ.എസ്.ആർ.ഒ

ബംഗളൂരു: ചന്ദ്രയാൻ മൂന്നിന്‍റെ ഡേറ്റ വിശകലന വിവരങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ മൂന്ന് പേടകത്തിന്‍റെ ഭാഗമായ ലാൻഡർ സോഫ്റ്റ് ലാൻഡിങ്ങിനെ തുടർന്ന് ചന്ദ്രന്‍റെ ഉപരിതലത്തിൽ ഗർത്തമുണ്ടായെന്ന് ഡേറ്റ വിശകലന വിവരങ്ങൾ വ്യക്തമാക്കുന്നു.

 

ലാൻഡർ ഇറങ്ങിയ ശിവശക്തി പോയിന്‍റിന് 108 ചതുരശ്ര മീറ്റർ ചുറ്റളവിൽ പൊടി അകന്നുമാറി. 2.06 ടൺ പൊടി ഇത്തരത്തിൽ അകന്നു മാറിയെന്ന് വിശകനം ചൂണ്ടിക്കാട്ടുന്നു.

ജേർണൽ ഓഫ് ഇന്ത്യൻ സൊസൈറ്റി ഓഫ് റിമോട്ട് സെൻസിങ്ങിലെ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഓർബിറ്ററിലെ ഹൈ റെസല്യൂഷൻ കാമറ പകർത്തിയ ദൃശ്യങ്ങൾ വിശകലനം ചെയ്താണ് ഈ കണ്ടെത്തൽ നടത്തിയിട്ടുള്ളത്.

2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രയാൻ മൂന്ന് പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും എൽ.വി.എം 3 റോക്കറ്റിൽ കുതിച്ചുയർന്നത്. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ സഞ്ചരിച്ച് ആഗസ്റ്റ് 23ന് റോവർ ഉൾപ്പെടുന്ന ലാൻഡർ ച​ന്ദ്ര​ന്റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡി​ങ് (മൃ​ദു ഇ​റ​ക്കം) ന​ട​ത്തി.

തുടർന്ന് ശാസ്ത്രീയ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ലാൻഡറും റോവറും ചന്ദ്രനിൽ രാത്രിയായതോടെ സെപ്റ്റംബർ രണ്ടിന് സ്ലീപ്പിങ് മോഡിലേക്ക് മാറി. എന്നാൽ, 14 ദിവസത്തിന് ശേഷം ചന്ദ്രനിൽ സൂര്യൻ ഉദിച്ചെങ്കിലും ലാൻഡറും റോവറും ഉണർന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *